നിസാമുദ്ദീന്‍ മതസമ്മേളനം നിയമലംഘനം; സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തിന്റെ സംഘാടകര്‍ക്ക് എതിരെ കേസെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തിന്റെ സംഘാടകര്‍ക്ക് എതിരെ കേസെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.  മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത  24 പേരിലാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശികളും ഉള്‍പ്പെടും. അതിനിടെ, ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.

കോവിഡ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മതസമ്മേളനം സംഘടിപ്പിച്ചതിലൂടെ, സംഘാടകര്‍ ഗുരുതര കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടികള്‍ കര്‍ശനമായി തുടരുകയാണ്.അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല. എന്നിട്ടും അവര്‍ അത് ചെയ്തു. സംഘാടകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഫ്റ്റനെന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു. കുറ്റക്കാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടതായും സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

നിലവില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 334 പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. 700പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഏകദേശം 1500 മുതല്‍ 1700 പേര്‍ സമ്മേളനത്തില്‍  പങ്കെടുത്തു എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട മേലെ വെട്ടിപ്രം സ്വദേശി ഡോ എം സലീമാണ് മരിച്ചത്. പത്തനംതിട്ട അമീര്‍ ആണ്. കഴിഞ്ഞ ചൊവ്വാഴ്ച പനി ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. കോവിഡ് ബാധിച്ചാണോ മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹൃദ്രോഹവും മറ്റു അസുഖങ്ങളും ഇദ്ദേഹത്തെ അലട്ടിയിരുന്നു. കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയില്‍ തന്നെ സംസ്‌കരിച്ചു.

മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പത്തനംതിട്ടക്കാര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ആറുപേര്‍ പത്തനംതിട്ടയില്‍ തിരിച്ചെത്തി. ഇവര്‍ക്ക് രോഗലക്ഷണമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മതസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ പങ്കെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പങ്കെടുത്തോ എന്ന കാര്യവും ആഭ്യന്തരമന്ത്രാലയം അന്വേഷിച്ചുവരികയാണ്.

അതിനിടെ, മതസമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളാണ് കൊറോണ ബാധിച്ച് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com