മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുടെ വിവരം അധികൃതരെ അറിയിച്ചു; യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 01:31 PM  |  

Last Updated: 31st March 2020 01:31 PM  |   A+A-   |  

 

പട്‌ന: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ എത്തിയവരുടെ വിവരങ്ങള്‍ അധികൃതരെ അറിയിച്ചതില്‍ പ്രകോപിതരായ സംഘം യുവാവിനെ അടിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാര്‍ സീതാമര്‍ഹി ജില്ലയിലെ മാധോല്‍ ഗ്രാമവാസിയായ യുവാവാണ് കൊല്ലപ്പെട്ടത്. കോവിഡ് വ്യാപനം തടയുന്നതിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ നാട്ടുകാരുടെ വിവരങ്ങള്‍ ആരോഗ്യവിഭാഗത്തെ അറിയിച്ചതാണ് പ്രതികാര നടപടിക്ക് കാരണം.  കൊറോണ വൈറസ് വ്യാപനത്തില്‍ നിന്ന്  ഗ്രാമത്തെ രക്ഷിക്കാനാണ് ബാബ്‌ലു അധികൃതരെ വിവരം അറിയിച്ചത്.

മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തിയ രണ്ടു ഗ്രാമവാസികള്‍ മറ്റുളളവരുമായി സംഘടിച്ച് എത്തിയാണ് കൊലപാതകം നടത്തിയത്. ബാബ്‌ലു വിവരം അറിയിച്ചത് അനുസരിച്ച് മഹാരാഷ്ട്രയില്‍ നിന്നെത്തിയ നാട്ടുകാരുടെ വീട്ടില്‍ എത്തിയ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഇവരില്‍ നിന്ന് രക്ത സാമ്പിളുകള്‍ എടുത്തു. ഇതില്‍ പ്രകോപിതരായ തൊഴിലാളികള്‍ മറ്റു അഞ്ചുപേരെയും കൂടെ കൂട്ടി ബാബ്‌ലുവിന്റെ വീട്ടില്‍ പോയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഉണ്ടായ മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചെന്നാണ് കേസ്.