ലോക്ക്ഡൗണ്‍ ലംഘിച്ചവര്‍ക്ക് ആദരം! ആരതി ഉഴിഞ്ഞും തിലകം ചാര്‍ത്തിയും പൂക്കളര്‍പ്പിച്ചും പൊലീസ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2020 03:38 PM  |  

Last Updated: 31st March 2020 03:38 PM  |   A+A-   |  

aarathi

 

ലോക്ക്ഡൗണില്‍ പുറത്തിറങ്ങുന്നവരെ തല്ലിയിട്ടും ഏത്തമിടീപ്പിച്ചിട്ടും തവളച്ചാട്ടം ചാടിച്ചിട്ടുമൊന്നും ഒരു രക്ഷയുമില്ലാതെ വന്നതോടെ പൊലീസ് പുതിയ വഴി കണ്ടെത്തി. പരസ്യമായി നാണംകെടുത്തുന്ന രീതിയാണ് അവര്‍ സ്വീകരിക്കുന്നത്. അത്തരമൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണിപ്പോള്‍.

ലോക്ക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ രാജ്യമെമ്പാടും വലിയ രീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് പൊലീസായിരുന്നു. വിലക്ക് മാനിക്കാതെ പുറത്തിറങ്ങി കറങ്ങുന്നവരെ തല്ലിയോടിച്ചതും ഏത്തമിടീപ്പിച്ചതുമടക്കം പൊലീസിന്റെ പ്രവര്‍ത്തികള്‍ വിമര്‍ശിക്കപ്പെട്ടു. ഇതോടെയാണ് പൊലീസ് പുതിയ പൊടിക്കൈകളുമായി രംഗത്തെത്തിയത്.

വിലക്ക് ലംഘിച്ച് കാറില്‍ പുറത്തിറങ്ങിയ രണ്ട് യുവാക്കളെ പൊലീസ് ആരതി ഉഴിഞ്ഞും തിലകം ചാര്‍ത്തിയും പൂക്കളര്‍പ്പിച്ചും റോഡില്‍ വച്ച് എതിരേല്‍ക്കുന്ന വീഡിയോയാണ് ശ്രദ്ധേയമായത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ അദിത്യ രാജ് കൗളാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതിന്റെ വീഡിയോ പങ്കിട്ടത്. 

കാര്‍ നിര്‍ത്തിച്ച് രണ്ട് പേരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട പൊലീസ് ഇരുവര്‍ക്കും ആരതി ഉഴിയുന്നു. പിന്നീട് രണ്ട് പേര്‍ക്കും തിലകം ചാര്‍ത്തി പൂക്കള്‍ ചെവിയില്‍ വച്ച് കൈക്കൂപ്പി തൊഴുന്നു. ഈ സമയത്ത് യുവാക്കളിലൊരാള്‍ നാണക്കേട് കൊണ്ട് മുഖം പൊത്തുന്നതും വീഡിയോയില്‍ കാണാം.  

പൊലീസിന്റെ പ്രവര്‍ത്തനത്തെ പലരും അനുകൂലിക്കുന്നുണ്ട്. ലോക്ക്ഡൗണിന്റെ ആവശ്യകതയും പ്രാധാന്യവും മനസിലാക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം ചിലര്‍ ഈ നടപടിയെ വിമര്‍ശിക്കുന്നുമുണ്ട്.