'കാര്‍ഡ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും', ബാങ്ക് മാനേജര്‍ എന്ന് പറഞ്ഞ് വിളിച്ചു; വീട്ടമ്മയുടെ 85,000 രൂപ തട്ടിയെടുത്തു

മകളുടെ വിദ്യാഭ്യാസ വായ്പയ്ക്കായി അക്കൗണ്ടില്‍ നീക്കിവെച്ചിരുന്ന പണമാണ് കവര്‍ന്നത്
'കാര്‍ഡ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും', ബാങ്ക് മാനേജര്‍ എന്ന് പറഞ്ഞ് വിളിച്ചു; വീട്ടമ്മയുടെ 85,000 രൂപ തട്ടിയെടുത്തു

ബംഗളൂരു: ലോക്ക്ഡൗണിനിടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. ബംഗളൂരുവില്‍ ബാങ്ക് മാനേജര്‍ ആണ് വിളിക്കുന്നത് എന്ന് പറഞ്ഞ് കബളിപ്പിച്ച് 47 കാരിയുടെ 85,000 രൂപ തട്ടിയെടുത്തു. മകളുടെ വിദ്യാഭ്യാസ വായ്പയ്ക്കായി അക്കൗണ്ടില്‍ നീക്കിവെച്ചിരുന്ന പണമാണ് കവര്‍ന്നത്.

ബാങ്കിലെ മാനേജര്‍ ആണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് തട്ടിപ്പിന്റെ തുടക്കം. പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടന്‍ തന്നെ പുതുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും എന്ന് പറഞ്ഞ് ഭയപ്പെടുത്തി. മകളുടെ വിദ്യാഭ്യാസ വായ്പ അടക്കേണ്ടതിനാല്‍ ഒടിപി നമ്പര്‍,സിവിവി ഉള്‍പ്പെടെ എല്ലാ വിവരങ്ങളും കൈമാറി. തുടര്‍ന്ന് എട്ടു ഘട്ടങ്ങളായി വീട്ടമ്മയുടെ 85000 രൂപ തട്ടിയെടുത്തു എന്നാണ് പരാതില്‍ പറയുന്നത്.

ബംഗളൂരുവിലെ കനക്പുരയില്‍ അമ്മയുടെ ഒപ്പമാണ് 47 കാരി താമസിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കോളജ് അടച്ചതിനാല്‍ വീട്ടില്‍ എത്തിയ മകളോട് വീട്ടമ്മ കാര്യങ്ങള്‍ പറഞ്ഞു. ഇതില്‍ സംശയം തോന്നിയ മകള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായ കാര്യം തിരിച്ചറിഞ്ഞത്. 47കാരി നിരക്ഷരയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com