നികുതി കുത്തനെ കൂട്ടി, സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില വര്‍ധിച്ചു, മദ്യവിലയിലും വര്‍ധന

മൂല്യ വര്‍ധിത നികുതി വര്‍ധിപ്പിച്ചതാണ് വില ഉയരാന്‍ കാരണം
നികുതി കുത്തനെ കൂട്ടി, സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില വര്‍ധിച്ചു, മദ്യവിലയിലും വര്‍ധന

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഇന്ധനവില കൂട്ടി. കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ പുരോഗമിക്കവേ, പെട്രോളിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിപ്പിച്ചത്. 50 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി ഡല്‍ഹി സര്‍ക്കാര്‍ ഉയര്‍ത്തിയതോടെയാണ് വില കൂടിയത്.

നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 71 രൂപ 26 പൈസയാണ്. കഴിഞ്ഞ ദിവസം ഇത് 69.59 രൂപയായിരുന്നു. ഡീസല്‍ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലിറ്ററിന് 62.29 പൈസയായിരുന്ന ഡീസല്‍ വില 69.29 രൂപയായാണ് വര്‍ധിപ്പിച്ചത്. മദ്യത്തിന് 70 ശതമാനം അധിക നികുതി ഈടാക്കിയതിന് പുറമെയാണ് വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റും വര്‍ധിപ്പിച്ചത്. മദ്യത്തിന്റെ പരമാവധി വിലയുടെ  70 ശതമാനം സ്‌പെഷ്യല്‍ കൊറോണ ഫീ എന്ന പേരിലാണ് ഈടാക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നനിരക്ക് ബാധകമാകുമെന്നാണ് ഉത്തരവിലുള്ളത്.

കൊറോണഫീ അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് ഇന്നുമുതല്‍ 1700 രൂപ നല്‍കേണ്ടി വരും. ലോക്ക്ഡൗണില്‍ നികുതി വരുമാനം നിലച്ച ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പ്പനയിലൂടെ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് 40 ദിവസത്തോളം അടച്ചിട്ട മദ്യഷാപ്പുകള്‍ക്ക് തിങ്കളാഴ്ച മുതലാണ് ഡല്‍ഹി പൊലീസ് തുറക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം.

ചെന്നൈയിലും ഇന്ധനവില കൂട്ടിയിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 3.26 രൂപയാണ് കൂട്ടിയത്. ഡീസല്‍ വില 68.22 രൂപ ആയി. അസം, ഹരിയാന, നാഗലാന്‍ഡ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും ഇന്ധനവില കൂട്ടിയിട്ടുണ്ട്. മൂല്യ വര്‍ധിത നികുതി വര്‍ധിപ്പിച്ചതാണ് വില ഉയരാന്‍ കാരണം. വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം വ്യവസായ നഗരമായ മുംബൈയില്‍ വില മാറ്റമില്ലാതെ തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com