30 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് 

അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിന്റെ 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
30 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് 

ന്യൂഡല്‍ഹി: അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിന്റെ 30 ജവാന്മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ ക്രമസമാധാന ചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരിലാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹിയില്‍ തന്നെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന മറ്റ് അര്‍ദ്ധ സൈനിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ബിഎസ്എഫ് ജവാന്മാരെ ജോധ്പൂരിലേക്ക് മാറ്റിയിരുന്നു. ഇവരിലാണ് ഇപ്പോള്‍ കോവിഡ് കണ്ടെത്തിയത്.

ഇന്നലെ സിആര്‍പിഎഫിനും ബിഎസ്എഫിനും പിന്നാലെ മറ്റൊരു അര്‍ദ്ധ സൈനിക വിഭാഗമായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 45 ജവാന്മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 43 പേര്‍ ഡല്‍ഹിയില്‍ ആഭ്യന്തര സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടവരാണ്. രണ്ടുപേര്‍ ഡല്‍ഹി പൊലീസിനൊപ്പം ക്രമസമാധാന ചുമതലയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്.

ഉന്നത ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിആര്‍പിഎഫ് ആസ്ഥാനം അടച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ബിഎസ്എഫ് ആസ്ഥാനവും അടച്ചിരുന്നു. ഡല്‍ഹിയിലെ സിജിഎം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിന്റെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. ബിഎസ്എഫ് ആസ്ഥാനത്തിന്റെ ആദ്യത്തെയും രണ്ടാമത്തെയും നിലയാണ് അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ ദിവസം കിഴക്കന്‍ ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 68 ജവാന്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഡല്‍ഹിയിലെ ബറ്റാലിയനില്‍ മാത്രം 122 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ ഉണ്ടായത്. രാജ്യത്ത് ഒട്ടാകെ 127 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് ജീവന്‍ നഷ്ടമായതായും കഴിഞ്ഞ ദിവസം സിആര്‍പിഎഫ് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com