നാട്ടുകാരുടെ കോവിഡ് ഭീതി തുണച്ചു,  ഗജേന്ദ്രയ്ക്ക് തിരികെ ലഭിച്ചത് 20,500 രൂപ

നാട്ടുകാരുടെ കോവിഡ് ഭീതി തുണച്ചു,  ഗജേന്ദ്രയ്ക്ക് തിരികെ ലഭിച്ചത് 20,500 രൂപ

ചവയ്ക്കാനായി പുകയില പോക്കറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോളായിരിക്കണം പണം നഷ്ടപ്പെട്ടതെന്ന് കരുതുന്നു


പാട്‌ന: കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലായത് ഓട്ടോഡ്രൈവര്‍ ഗജേന്ദ്രഷായ്ക്ക് തുണയായി. കോവിഡ് ഭയന്ന് നാട്ടുകാര്‍ തൊടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഗജേന്ദ്രയ്ക്ക് നഷ്ടപ്പെട്ട 20,500 രൂപ തിരികെ ലഭിച്ചത്.

ബീഹാറിലെ സഹര്‍സ ജില്ലയിലെ മഹുവ ബസാറില്‍ നിന്ന് ടിന്‍ ഷെഡ് വാങ്ങാനായി ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് 25,000 രൂപയുമായി ഷാ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പാണ് ഗജേന്ദ്ര പോക്കറ്റില്‍ നിന്ന് 20,500 രൂപ നഷ്മായതായി അറിയുന്നത്.

'ചവയ്ക്കാനായി പുകയില പോക്കറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോളായിരിക്കണം പണം നഷ്ടപ്പെട്ടതെന്ന് കരുതുന്നു. കൃത്യമായി എവിടെവച്ചാണ് അത് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാന്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങി പണം തേടി ഏതാനും കിലോമീറ്ററുകള്‍ പിന്നോട്ട് നടന്നു'  ഗജേന്ദ്ര പറഞ്ഞു.

എന്നാല്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗജേന്ദ്ര വീട്ടിലേക്ക് മടങ്ങി. അപ്പോഴാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വാര്‍ത്തയെക്കുറിച്ച് അയല്‍വാസികള്‍ അറിയിച്ചത്.  കൊറോണ വൈറസ് പ്രചരിപ്പിക്കാന്‍ ഉപേക്ഷിച്ച നോട്ടുകള്‍ ഉദകിഷ്ഗഞ്ച് പൊലീസ് കണ്ടെടുത്തു എന്നതിന്റെ ചിത്രങ്ങളാണ് പ്രചരിച്ചിരുന്നത്.

കോവിഡ് 19 ഭയന്ന് ആളുകള്‍ പണത്തില്‍ തൊടാന്‍ തയ്യാറായിരുന്നില്ല. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മുഴുവന്‍ തുകയും കണ്ടെടുത്തു. തുടര്‍ന്ന് ഗജേന്ദ്ര സാക്ഷികളുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തി. ഇയാളുടെ അവകാശവാദം പൊലീസ് പരിശോധിക്കുകയും രേഖാമൂലം സമര്‍പ്പിക്കാന്‍ സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. ഗജേന്ദ്രയുടെ അവകാശവാദം പരിശോധിച്ച പൊലീസ് പണം അയാള്‍ക്ക് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com