മെയ് 17 ന് ശേഷം എന്ത് ? ; ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകുമെന്ന് രാഹുല്‍ ഗാന്ധി

ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ല
മെയ് 17 ന് ശേഷം എന്ത് ? ; ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ ഈ നിലയില്‍ തുടരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകും. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സുതാര്യമാകണം. മെയ് 17 ന് ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ജനങ്ങളോട് തുറന്നുപറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കാതെ നമുക്കിങ്ങനെ തുടരാനാവില്ല. സ്വിച്ചിടുന്നതു പോലെ കാര്യങ്ങളാവാന്‍ ലോക്ക് ഡൗണ്‍ താക്കോലല്ല. മെയ് 17 ന് ശേഷം എന്താകും നടപടി ?. ലോക്ക്ഡൗണ്‍ നീട്ടണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ എന്ത് മാനദണ്ഡം അനുസരിച്ചാണ് തീരുമാനമെടുക്കുന്നത്. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന് മുന്നോടിയായി ഭാവി നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തണം.

കരുത്തനായ പ്രധാനമന്ത്രി മാത്രം ഉണ്ടായാല്‍ പോരാ. കരുത്തരായ മുഖ്യമന്ത്രിമാര്‍ കൂടി ഉണ്ടാകേണ്ടതുണ്ട്. കരുത്തരായ ജില്ലാ മജിസ്‌ട്രേറ്റുമാരും ഉണ്ടാകണം. എങ്കില്‍ മാത്രമേ കോവിഡിനെതിരായ പോരാട്ടം വിജയിക്കൂ. കോവിഡിനെതിരായ പോരാട്ടം പ്രധാനമന്ത്രിയുടെ ഓഫീസില്‍ മാത്രം ഒതുങ്ങിയാല്‍ നാം പരാജയപ്പെടും. അതിനാല്‍ പ്രധാനമന്ത്രി മറ്റുള്ളവരോട് കൂടുയാലോചിക്കുകയും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാകുകയും വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

കോവിഡ് ചില വിഭാഗത്തില്‍പ്പെട്ടവരെ ഗുരുതരമായി ബാധിക്കുന്നുണ്ട്. പ്രായമേറിയവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖമുള്ളവരെ ഗുരുതരമായി ബാധിക്കും. അല്ലാത്തവര്‍ക്ക് ഇത് ഗുരുതരമാകില്ല. ജനങ്ങള്‍ക്കിടയില്‍ മാനസികമായ മാറ്റമാണ് ഉണ്ടാക്കേണ്ടത്. ജനങ്ങളുടെ പരിഭ്രാന്തി അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com