കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി നരേന്ദ്രമോദി

ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ  നേരിട്ടില്ല. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി നരേന്ദ്രമോദി


ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ധീരമായ പരിഷ്കരണ നടപടികൾ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകളില്‍ വൻ ചലനമുണ്ടാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് പദ്ധതി രാജ്യത്തെ സജ്ജമാക്കും. ഭൂമി, തൊഴിൽ, ധനലഭ്യത തുടങ്ങിയ എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമാകും. തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കുമെല്ലാം പദ്ധതിയിലൂടെ നേട്ടമുണ്ടാകും. ഇതിന്റെ വിശദാംശങ്ങൾ നാളെ മുതൽ ധനമന്ത്രി പ്രഖ്യാപിക്കും.

നമ്മുടെ ദൃഡനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ്. കോവിഡ് പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കില്ല, നമ്മള്‍ തകരില്ല. കോവിഡില്‍ നിന്ന് രാജ്യം രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസം പൂര്‍ത്തിയായെന്നും മോദി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷം  ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡിൽനിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും- മോദി പറഞ്ഞു. വിവിധ രാജ്യങ്ങളിൽ 42 ലക്ഷത്തിൽ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിൽ നിരവധി കുടുംബങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി.

അതിൽ അനുശോചനം അറിയിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തിൽ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എൻ 95 മാസ്കുകൾ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യയിൽ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എൻ 95 മാസ്കുകളും ദിവസേന ഉണ്ടാക്കുന്നു– മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com