ഈദ് പ്രാര്‍ത്ഥനയ്ക്ക് ഒന്നിച്ച് കൂടാന്‍ അനുവാദം നല്‍കണം ; മുഖ്യമന്ത്രിക്കു കത്തയച്ച് കോണ്‍ഗ്രസ് നേതാവ്

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും  ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം
ഫയൽ ചിത്രം
ഫയൽ ചിത്രം


ബംഗളൂരു: മുസ്ലീങ്ങള്‍ക്ക്  ഈദ് പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ച് കൂടാന്‍ അനുവാദം നല്‍കണമെന്ന് സര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ്. ഈ ആവശ്യം ഉന്നയിച്ച്  കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി എം ഇബ്രാഹിം മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയ്ക്ക് കത്തെഴുതി. ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് ഈദുല്‍ ഫിത്ര്‍ പ്രാര്‍ത്ഥനയ്ക്കായി ഒന്നിച്ച് കൂടാന്‍ അനുവദിക്കണമെന്നാണ് ഇബ്രാഹിമിന്റെ ആവശ്യം.

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം. എല്ലാ മുന്‍കരുതലുകളും സുരക്ഷാ ക്രമീകരണങ്ങളും എടുത്ത ശേഷം മാത്രം ഇങ്ങനെ സൗകര്യം ഒരുക്കേണ്ടതെന്നും ഇബ്രാഹിം കത്തില്‍ പറയുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് തന്നെ ഈദ് പ്രാര്‍ത്ഥനകള്‍ക്കായി വിശ്വാസികള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനിടെ പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത് മുസ്ലിം സമുദായത്തിനുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

ലോക്ക്ഡൗണ്‍ മെയ് 17 കഴിഞ്ഞും നീളുകയാണെങ്കില്‍ ഈദ് പ്രാര്‍ത്ഥന വീടുകളില്‍ തന്നെ നടത്തണമെന്ന് ദാറൂല്‍ ഉലൂം ഫാരംഗി മഹല്‍ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. വീട്ടിലുള്ളവരുമായിട്ടല്ലാതെ ആലിംഗനം, ഹസ്തദാനം തുടങ്ങിയവ പാടില്ലെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com