കൈക്കുഞ്ഞുങ്ങളുമായി ഭക്ഷണവും വെള്ളവുമില്ലാതെ കാത്തുനിന്നത് ഒമ്പത് മണിക്കൂര്‍; മധ്യപ്രദേശില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th May 2020 12:22 PM |
Last Updated: 15th May 2020 12:22 PM | A+A A- |

ഭോപ്പാല്‍: മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയായ സെന്ദ്വയില്‍ പൊലീസും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. അതിര്‍ത്തിയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒമ്പതുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ദേശീയപാത മൂന്നിലാണ് സംഭവം. നൂറുകണക്കിന് വരുന്ന തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.
മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ സമാധാനപൂര്‍വം നിയന്ത്രിക്കുന്നതില്‍ പ്രാദേശിക ഭരണ സംവിധാനം പരാജയപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
സംസ്ഥാനത്തിനകത്തേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തുകയായിരുന്നു. മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കൈക്കുഞ്ഞുങ്ങളുമായി കാത്തിരുന്ന ഇവര്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയുകയായിരുന്നു.
അതേസമയം തൊഴിലാളികള്‍ ശാന്തരാകണമെന്നും ഭക്ഷണവും താമസ സൗകരവും രോഗ പരിശോധനാ സംവിധാനങ്ങളും യാത്രക്കായി ബസുകളും ഏര്‍പ്പെടുത്താനുള്ള കാലതാമസമാണ് ഇതിന് കാരണമായതെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.