എതിരില്ലാതെ ഉദ്ധവ് താക്കറെ കൗണ്‍സിലിലേക്ക് ; സഭാംഗമാകുന്നത് ആദ്യം ; ബിജെപിയില്‍ അതൃപ്തി പുകയുന്നു

ഉദ്ധവ് അടക്കം മല്‍സര രംഗത്തുണ്ടായിരുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
എതിരില്ലാതെ ഉദ്ധവ് താക്കറെ കൗണ്‍സിലിലേക്ക് ; സഭാംഗമാകുന്നത് ആദ്യം ; ബിജെപിയില്‍ അതൃപ്തി പുകയുന്നു

മുംബൈ : ശിവസേനയ്ക്ക് ആശ്വാസമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉദ്ധവ് അടക്കം മല്‍സര രംഗത്തുണ്ടായിരുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ 4 അംഗങ്ങളും എന്‍സിപിയുടെയും ശിവസേനയുടെയും 2 വീതം അംഗങ്ങളും കോണ്‍ഗ്രസിന്റെ ഒരംഗവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉദ്ധവ് താക്കറെ ആദ്യമായാണ് സഭയില്‍ അംഗമാകുന്നത്.

ഈ മാസം 27നകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം  രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. 21നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒഴിവുള്ള ഒമ്പതു സീറ്റിലേക്ക് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതിനു പിന്നാലെ ഫലം പ്രഖ്യാപിക്കുകയായിരുന്നു.

ഉദ്ധവ് താക്കറെയ്ക്കു പുറമെ നീലം ഗോരെയാണ് ശിവസേനയുടെ വിജയിച്ച രണ്ടാമത്തെ സ്ഥാനാര്‍ഥി. രഞ്ജിത് സിങ് മൊഹിതെ പാട്ടീല്‍, ഗോപിചന്ദ് പഡല്‍കര്‍, പ്രവീണ്‍ ദത്‌കെ, രമേഷ് കരാഡ് (ബിജെപി), ശശികാന്ത് ഷിന്‍ഡെ, അമോല്‍ മിത്കരി (എന്‍സിപി), രാജേഷ് റാത്തോഡ് (കോണ്‍ഗ്രസ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങള്‍. കഴിഞ്ഞ നവംബര്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ ഈ മാസം 27 ന് ആറുമാസ കാലാവധി പൂര്‍ത്തിയാക്കുമായിരുന്നു.

അതിനിടെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഒരു ബിജെപി നേതാവ് കൂടി രംഗത്തെത്തി. മുന്‍ മന്ത്രി രാം ഷിന്‍ഡെയാണ് നിരാശ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. നേരത്തെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെ ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com