ഒരുലക്ഷം കോടി രൂപയുടെ കാര്‍ഷിക വികസന ഫണ്ട്; കോവിഡ് പാക്കേജ് മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ഒരുലക്ഷം കോടി രൂപയുടെ കാര്‍ഷിക വികസന ഫണ്ട്; കോവിഡ് പാക്കേജ് മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൃഷിക്കും അനുബന്ധ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് മൂന്നാംഘട്ടം. 

കൃഷി, മത്സ്യബന്ധനം, ക്ഷീരവികസനം, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്കായി പതിനൊന്ന് പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.  ഇതില്‍ എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിനും മൂന്നെണ്ണം ഭരണരംഗത്തെ മാറ്റത്തിനും വേണ്ടിയാണ്. ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക വികസന ഫണ്ട് ധനമന്ത്രി പ്രഖ്യാപിച്ചു. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് തുക. 

അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്തും. വലിയ തോതിലുള്ള ഭക്ഷ്യോത്പാദനം നടക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ പണം ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. അസാധാരണ സന്ദര്‍ഭങ്ങളില്‍ ഒഴികെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ കൂടുതല്‍ സംഭരിക്കാം. 
ഭക്ഷ്യ ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, എണ്ണക്കുരു, പയര്‍ വര്‍ഗ്ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങി എന്നിവ അധികം സംഭരിക്കാം. 

ചെറുകിട ഭക്ഷ്യോത്പാദന മേഖലയ്ക്ക് 10,000കോടി നല്‍കും.രണ്ട് കോടി സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. രാജ്യന്തര നിലവാരമുള്ള ബ്രാന്റുകള്‍ വികസിപ്പിക്കുയാണ് ലക്ഷ്യം. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000കോടി നല്‍കും.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും. ഇതിനായി നിയമപരമായി നടപടി സ്വീകരിക്കും. വിപണനം മെച്ചപ്പെടുത്താന്‍ പുതിയ കര്‍ഷക സൗഹൃദ നിയമം കൊണ്ടുവരും. കര്‍ഷകര്‍ക്ക് ഇഷ്ടമുള്ളയിടത്ത് ഉത്പന്നങ്ങള്‍ വില്‍ക്കാനാവും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ വില്‍ക്കാനാവു എന്ന സ്ഥിതി മാറ്റും. കൃഷി തുടങ്ങുമ്പോള്‍ തന്നെ വില നിശ്ചയിക്കാം. 

പ്രധാന്‍ മന്ത്രി മത്സ്യ സംബന്ധന യോജന പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് 20,000കോടി നല്‍കും. ഇതില്‍ 11,000കോടി മത്സ്യബന്ധന മേഖലയ്ക്ക് വേണ്ടിയാണ്. 55 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കും. 

മൃഗസംരക്ഷണത്തിന് 13,343കോടി. പശുക്കളുടെ കുളമ്പ് രോഗം നിയന്ത്രിക്കാനുള്ള പദ്ധതി കൊണ്ടുവരും. ക്ഷീരോത്പാദന അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി മാറ്റിവയ്ക്കും. സ്ത്രീ സംരംഭവങ്ങള്‍ക്കും അസംഘടിത മേഖലയ്ക്കും ഊന്നല്‍ നല്‍കും. 

ഗംഗാ നദിയുടെ തീരങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കും. തേനീച്ച കര്‍ഷകര്‍ക്കായി 500കോടി മാറ്റിവയ്ക്കും. വേഗം കേടാകുന്ന ഭക്ഷ്യോത്പാദനങ്ങള്‍,പഴം, പച്ചക്കറി വിതരണത്തിന് 500കോടി നല്‍കും. 

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി പ്രകാരം ലോക്ക്ഡൗണ്‍ കാലത്ത് 18,700കോടി രൂപ കര്‍ഷകരിലേക്ക് എത്തിച്ചെന്ന് മന്ത്രി വിശദമാക്കി. താങ്ങുവില ഉറപ്പാക്കാന്‍ 74,000കോടി നല്‍കി. 4,100കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com