കടമെടുപ്പ് പരിധി അഞ്ച് ശതമാനമായി ഉയർത്തി ; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം

46,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങൾക്ക് ഏപ്രിലിൽ നൽകിയിരുന്നുവെന്ന് ധനമന്ത്രി
കടമെടുപ്പ് പരിധി അഞ്ച് ശതമാനമായി ഉയർത്തി ; കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം

ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ ഉയർത്തി. വായ്പാ പരിധി ജിഡിപിയുടെ മൂന്നിൽനിന്ന് 5 ശതമാനമായാണ് ഉയർത്തിയത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ദീർഘനാളുകളായി ഉന്നയിക്കുന്നതാണ് കടമെടുപ്പ് പരിധി കൂട്ടണമെന്ന ആവശ്യം.  കേന്ദ്രസർക്കാർ തീരുമാനം നടപ്പാകുന്നതോടെ, ഇതുവഴി ലഭിക്കുന്ന പണം കോവിഡ് ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാകും.

കടമെടുക്കുന്നതിന്  മാർ​ഗനിർദേശങ്ങളും കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. 3.5 മുതൽ 4.5 വരെ ഉപാധികളോടെ വായ്പ എടുക്കാം. ഉപാധികൾ പാലിച്ചാൽ അവസാന​ഗഡു വായ്പ അനുവദിക്കും. വായ്പാ പരിധി ഉയർത്തുന്നത് ഈ സാമ്പത്തിക വർഷത്തേക്ക് മാത്രമാണ്. ഇതുവഴി സംസ്ഥാനങ്ങൾക്ക് അധികമായി ലഭിക്കുക 4.28 ലക്ഷം കോടി രൂപയാണ്.

3 മുതൽ 3.5 വരെ വായ്പ എടുക്കുന്നതിന്  ഉപാധികളില്ല. സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടമുണ്ടായതായി അംഗീകരിക്കുന്നു. 46,038 കോടി രൂപ നികുതി വരുമാനമായി സംസ്ഥാനങ്ങൾക്ക് ഏപ്രിലിൽ നൽകിയിരുന്നുവെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ കേരളത്തിന് 18,000 കോടി രൂപ വരെ വായ്പ എടുക്കാനാകും.

നിബന്ധനകളോടെയാണ് കടമെടുപ്പ് പരിധി ഉയർത്തിയിരിക്കുന്നത്. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തണം. ഇതിന് നാലു മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിൽ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുടെ നടപ്പാക്കൽ, വിവിധ സംരംഭങ്ങൾ എളുപ്പത്തിൽ രാജ്യത്ത് ആരംഭിക്കൽ, കാര്യക്ഷമമായ വൈദ്യുതി വിതരണം, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം തുടങ്ങിയ നാലു മേഖലകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാലിൽ മൂന്നെണ്ണമെങ്കിലും കൃത്യമായി നിറവേറ്റിയാൽ ശേഷിക്കുന്ന അര ശതമാനം കൂടി കടമെടുക്കാം.

 12,390 കോടി രൂപ റവന്യൂനഷ്ടം നികത്താനുള്ള ഗ്രാന്റായി നൽകി. കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട നീക്കമാണ് കേന്ദ്രത്തിൽ നിന്നുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം വൈകിയതിന്റെ പേരിൽ കേരളം കേന്ദ്രത്തിനെതിരെ വിമർശനവും ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com