പൊതുമേഖലയില്‍ വന്‍ പരിഷ്‌കരണം ; തന്ത്രപ്രധാനമേഖലയില്‍ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം ; സ്വകാര്യമേഖലയ്ക്കും അനുമതി

തന്ത്രപ്രധാനമേഖലയില്‍ നാലില്‍ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവ തമ്മില്‍ ലയിപ്പിക്കും
പൊതുമേഖലയില്‍ വന്‍ പരിഷ്‌കരണം ; തന്ത്രപ്രധാനമേഖലയില്‍ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രം ; സ്വകാര്യമേഖലയ്ക്കും അനുമതി

ന്യൂഡല്‍ഹി : പൊതുമേഖലയില്‍ വന്‍ പരിഷ്‌കരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. തന്ത്രപ്രധാനമേഖലയില്‍ പരമാവധി നാല് പൊതുമേഖലാ സ്ഥാപനം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ലോകത്തെ വിപണികളില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് ഇന്ത്യയും മാറേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി,  രാജ്യത്തെ എല്ലാ മേഖലകളെയും സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുമെന്നും സൂചിപ്പിച്ചു.  

തന്ത്രപ്രധാനമേഖലയില്‍ നാലില്‍ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അവ തമ്മില്‍ ലയിപ്പിക്കും. അല്ലെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രപ്രധാന മേഖലകളില്‍ ഒരു പൊതുമേഖലാ സ്ഥാപനം വേണമെന്നതാണ് സര്‍ക്കാരിന്റെ പുതിയ നയം.

അതില്‍ പൊതുമേഖലാ സ്ഥാപനത്തിനൊപ്പം സ്വകാര്യമേഖലയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ഏതൊക്കെ മേഖലകളില്‍, ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പ്രഖ്യാപനം പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദാഹരണത്തിന് പെട്രോളിയം മേഖലയില്‍ നാലിലധികം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവയുടെ എണ്ണം കുറയ്ക്കും. ഇതിനായി ഏതെല്ലാമാണ് തന്ത്രപ്രധാനമേഖലകള്‍, ഏതെല്ലാമാണ് അവ അല്ലാത്തത് എന്ന് വിഭജിക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ച് കേന്ദ്രം കടമെടുക്കല്‍ പരിധി ഉയര്‍ത്തിയിട്ടുണ്ട്. ജിഡിപിയുടെ മൂന്നു ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനത്തോളമാണ് ഉയര്‍ത്തിയത്. പ്രത്യേക ഉപാധികളോടെയാണ് വായ്പാപരിധി ഉയര്‍ത്തിയത്. വായ്പാ പരിധി ഉയര്‍ത്തുന്നത് ഈ സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമാണ്. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കുക 4.28 ലക്ഷം കോടി രൂപയാണ് എന്നും ധനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com