രാജ്യത്ത് കോവിഡ് അതിന്റെ പാരമ്യത്തിലെത്തുക ജൂലായ് - ഓഗസ്റ്റ് മാസങ്ങളില്‍; മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തുക ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനയെന്ന് പഞ്ചാബ് മുഖ്യമന്ത്രി
രാജ്യത്ത് കോവിഡ് അതിന്റെ പാരമ്യത്തിലെത്തുക ജൂലായ് - ഓഗസ്റ്റ് മാസങ്ങളില്‍; മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തുക ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഈ മോശം സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്ന് അമരീന്ദര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം പത്ത് ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമാകുമെന്നും അമരീന്ദര്‍ പറഞ്ഞു. 

അതേസമയം രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25ന് ആണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ ലോക്ഡൗണ്‍. ഇത് പിന്നീട് മേയ് മൂന്ന് വരെയും 17 വരെയും നീട്ടുകയായിരുന്നു.

നാലാം ഘട്ട ലോക്ഡൗണ്‍ നേരത്തേയുള്ളതില്‍നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.

രാജ്യത്ത് ഏപ്രില്‍ 14 വരെ പതിനായിരം രോഗികള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ 32 ദിവസം കഴിയുമ്പോഴെക്കും അത് 90,000 കവിഞ്ഞു. ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നതോടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധവുണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

മെയ് 18 മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കുമെന്നും റെഡ്‌സോണല്ലാത്ത മേഖലകളില്‍ പരമാവധി ഇളവുകള്‍ നല്‍കുമെന്നും അമരീന്ദര്‍ സിങ് അറിയിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത എല്ലായിടങ്ങളിലും കടകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനാകുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com