വിവാഹ ചടങ്ങില്‍ 50 പേര്‍; മരണാനന്തര ചടങ്ങില്‍ 20 പേര്‍; ഇളവുകള്‍ അറിയാം

ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയ്ക്ക് നിരോധനമുള്ളതായി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ല
വിവാഹ ചടങ്ങില്‍ 50 പേര്‍; മരണാനന്തര ചടങ്ങില്‍ 20 പേര്‍; ഇളവുകള്‍ അറിയാം


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് 50 പേര്‍ വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും സ്‌റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ കാഴ്ചക്കാരെ അനുവദിക്കില്ല.

ഹോം ഡെലിവറിക്കായി അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ റസ്റ്ററന്റുകള്‍ക്ക് അനുമതിയുണ്ട്. മാളുകളിലെയും കണ്ടെയ്ന്‍മെന്റ് സോണുകളിലെയും ഒഴികെയുളള ഷോപ്പുകള്‍ മേയ് 18 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും, എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം. ഒരു സമയം 5 പേരില്‍ കൂടുതല്‍ കടകളിലുണ്ടാകരുത്. ഓരോരുത്തര്‍ക്കുമിടയില്‍ ആറടി അകലമുണ്ടായിരിക്കണം.

ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവര്‍ എന്നിവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം. ബസ് ഡിപ്പോകള്‍, റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോട്ട് എന്നിവിടങ്ങളിലെ കന്റീനുകള്‍ക്ക് പ്രവര്‍ത്തിക്കാം.

വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതര്‍ക്കു തീരുമാനിക്കാം. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല. 

പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങള്‍ക്കും അനുമതിയുണ്ട്. മെഡിക്കല്‍ പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിര്‍ത്തിയിലും തടയരുത്. കാലിയായ ട്രക്കുകള്‍ ഉള്‍പ്പെടെ എല്ലാ ചരക്ക്-കാര്‍ഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുള്ള നിരോധനങ്ങളല്ലാതെ മറ്റൊന്നും നിലവിലുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്താം. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയ്ക്ക് നിരോധനമുള്ളതായി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ല. ഈ സാഹചര്യത്തില്‍ ഇതിന്മേല്‍ സംസ്ഥാന സര്‍ക്കാരുകളാണു തീരുമാനമെടുക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com