കുടിയേറ്റ തൊഴിലാളികളുടെ പലായനം; പ്രതിഷേധ ധർണ നടത്തിയ യശ്വന്ത് സിൻഹയും എഎപി എംപിയും അറസ്റ്റിൽ

കുടിയേറ്റ തൊഴിലാളികളുടെ പലായനം; പ്രതിഷേധ ധർണ നടത്തിയ യശ്വന്ത് സിൻഹയും എഎപി എംപിയും അറസ്റ്റിൽ
കുടിയേറ്റ തൊഴിലാളികളുടെ പലായനം; പ്രതിഷേധ ധർണ നടത്തിയ യശ്വന്ത് സിൻഹയും എഎപി എംപിയും അറസ്റ്റിൽ

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനിടെ പ്രതിഷേധ ധര്‍ണ നടത്തിയതിന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങും അറസ്റ്റില്‍. കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ സായുധ സേനയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. രാജ്ഘട്ടിൽ ധർണ നടത്തിയ ഇരുവരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് മുൻ ബിജെപി നേതാവ് കൂടിയായ യശ്വന്ത് സിന്‍ഹ.

ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരാജയമാണ് കുടിയേറ്റ തൊഴിലാളികളെ റോഡ് മാര്‍ഗം നടന്ന് വീട്ടിലെത്താന്‍ നിര്‍ബന്ധിതമാക്കിയതെന്ന് സിൻഹ ആരോപിച്ചു. ഇവരില്‍ ചിലര്‍ മരണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്വം സായുധ സേനയ്ക്കും അര്‍ധ സൈനിക വിഭാഗത്തിനും നല്‍കണമെന്നതാണ് തങ്ങളുടെ ലളിതമായ ആവശ്യം. സൈന്യത്തിന്റെ ഉത്തരവാദിത്വത്തിലൂടെ അന്തസായി തൊഴിലാളികളെ അവരവരുടെ വീടുകളിലെത്തിക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും സിൻഹ വ്യക്തമാക്കി. 

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നരെ മാത്രമേ ശ്രദ്ധിക്കുന്നുള്ളുവെന്നും ഇത് ദരിദ്ര വിഭാഗത്തെ സ്വയം പ്രതിരോധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും എഎപി എംപി സഞ്ജയ് സിങ് ആരോപിച്ചു. കുടിയേറ്റ തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രത്തിന് ഇച്ഛാശക്തിയില്ല. വിദേശത്തുള്ള പ്രവാസികളെ കേന്ദ്രം തിരിച്ചെത്തിക്കുന്നു. എന്നാല്‍ റോഡിലൂടെ നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളികളെ കേന്ദ്രം സഹായിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com