കലിപൂണ്ട് 'ഉംപുണ്‍' ; സൂപ്പര്‍ സൈക്ലോണായി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് 12 മണിക്കൂര്‍ കൊണ്ടാണ് അതി തീവ്ര ചുഴലിയായി മാറിയത്
കലിപൂണ്ട് 'ഉംപുണ്‍' ; സൂപ്പര്‍ സൈക്ലോണായി ഇന്ത്യന്‍ തീരത്തേക്ക് ; കനത്ത ജാഗ്രത

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. സൂപ്പര്‍ സൈക്ലോണായി മാറിയ ഉംപുണ്‍ ഇന്ത്യന്‍ തീരത്തോട് അടുക്കുകയാണ്. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗം. അതി തീവ്ര ചുഴലിക്കാറ്റായി നാളെ  ഉച്ചയോടെ ഉംപുണ്‍ കരതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. 

പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപുകള്‍ക്കിടയിലൂടെയാകും ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുക. 12 മണിക്കൂര്‍ കൊണ്ടാണ് ഉംപുണ്‍ അതി തീവ്ര ചുഴലിയായി മാറിയത്. കരതൊടുമ്പോള്‍ ചുഴലിക്കാറ്റിന് 200 കിലോമീറ്ററിലേറെ വേഗതയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.  ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍, ഒഡിഷ തുടങ്ങി വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. 

നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്ക് കിഴക്ക് ദിശയിലാണു കാറ്റിന്റെ സഞ്ചാരപഥം. ഒഡിഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത കാറ്റ് വീശുകയാണ്. കടല്‍ക്ഷോഭവും തുടങ്ങി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ദുരന്തനിവാരണ സേനയുടെ 37 സംഘത്തെ വിന്യസിച്ചു.

ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിനെയാണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് പറയുന്നത്. അതിവേഗത്തിലാണ് ഉംപുണ്‍ കരുത്താര്‍ജിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരില്‍, എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com