ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണ്ട; രോ​ഗ ലക്ഷണമില്ലെങ്കിൽ യാത്ര ചെയ്യാം

ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണ്ട; രോ​ഗ ലക്ഷണമില്ലെങ്കിൽ യാത്ര ചെയ്യാം
ശ്രമിക് ട്രെയിനുകൾക്ക് സംസ്ഥാനങ്ങളുടെ അനുമതി വേണ്ട; രോ​ഗ ലക്ഷണമില്ലെങ്കിൽ യാത്ര ചെയ്യാം

ന്യൂഡൽഹി: ലോക്ക്ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് ട്രെയിനുകൾക്കുള്ള മാർഗ രേഖ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന നൽകണമെന്നും കേന്ദ്ര നിർദേശത്തിലുണ്ട്. 

ട്രെയിൻ അനുവദിക്കാന്‍ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന മുന്‍ നിര്‍ദേശം പുതിയ മാര്‍ഗ രേഖയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ കേന്ദ്രത്തിന് ശ്രമിക് ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയിൽവേ മന്ത്രാലയമാണ് പ്രത്യേക ട്രെയിനുകൾ അനുവദിക്കുകയെന്ന് പുതുക്കിയ ഉത്തരവിൽ പറയുന്നു.  

യാത്രയ്ക്കായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാനും സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്. മാര്‍ഗ രേഖയില്‍ ഏഴ് നിര്‍ദേശങ്ങളാണുള്ളത്.

രോഗ ലക്ഷണമില്ലാത്തവർക്ക് മാത്രമേ യാത്ര അനുവദിക്കാൻ പാടുള്ളു. എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയിൽവേയും ഉറപ്പു വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനിലും യാത്രയിലുടനീളവും യാത്രക്കാർ സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

ടിക്കറ്റ് ബുക്കിങ്,  ട്രെയിനുകളുടെ സമയക്രമം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേ തീരുമാനിക്കും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം തീവണ്ടിയുടെ സ്റ്റോപ്പ്, എത്തിച്ചേരേണ്ട സ്ഥലം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനവും റെയിൽവേയാണ് കൈക്കൊള്ളുക. തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അതത് സംസ്ഥാനങ്ങളെ ഇക്കാര്യങ്ങൾ റെയിൽവേ അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com