ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ്; രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലുള്ള ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്
ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ്; രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മന്ത്രാലയം ഉള്‍പ്പെട്ട നിര്‍മ്മാണ്‍ ഭവന്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി പ്രകാരം അണുവിമുക്തമാക്കും. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലുള്ള ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏത് തരത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നില്ല. ഡല്‍ഹിയില്‍ നേരത്തെ 500 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യമായാണ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് സ്ഥീരികരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രാലയം ഉള്‍പ്പെട്ട ഡല്‍ഹിയിലെ നിര്‍മ്മാണ്‍ ഭവന്‍ അണുവിമുക്തമാക്കും. കൂടാതെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയും തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 534പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 11088ആയി. 5720പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 176പേര്‍ മരണത്തിന് കീഴടങ്ങി.രാജസ്ഥാനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ 107പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5952പേര്‍ക്കാണ് രാജസ്ഥനില്‍ രോഗം ബാധിച്ചത്. 143 പേര്‍ മരിച്ചു.

കര്‍ണാടകയില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമുതല്‍ ഇന്നുച്ചയ്ക്ക് 12വരെയുള്ള സമയത്തില്‍ 63പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1458പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 864പേര്‍ ചികിത്സയിലാണ്. 41പേര്‍ മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്താകെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5611 കോവിഡ് കേസുകളാണ്. 140പേര്‍ ഈ സമയത്തിനുള്ളില്‍ മരിച്ചു. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഒരുദിവസത്തിനുള്ളില്‍ ഇത്രയും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com