ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടം അം​ഗീകരിക്കാനാകില്ല; നടപടി ഏകപക്ഷീയമെന്ന് കേന്ദ്ര സർക്കാർ

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടം അം​ഗീകരിക്കാനാകില്ല; നടപടി ഏകപക്ഷീയമെന്ന് കേന്ദ്ര സർക്കാർ
ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടം അം​ഗീകരിക്കാനാകില്ല; നടപടി ഏകപക്ഷീയമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഔദ്യോഗികമായി ഭൂപടം പുറത്തിറക്കിയ നേപ്പാളിന്റെ നടപടിയെ വിമർശിച്ച് കേന്ദ്ര സർക്കാർ. നേപ്പാളിന്റെ പ്രവർത്തി ഏകപക്ഷീയണെന്നും ഇന്ത്യ ഇത് അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചരിത്രപരമായ വസ്തുതകളേയും തെളിവുകളേയും അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടം. പ്രാദേശിക അവകാശവാദങ്ങളുടെ കൃത്രിമ തെളിവുകൾ ഇന്ത്യ അംഗീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. 

ചർച്ചകളിലൂടെ അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാൾ ഭൂപടം പുറത്തിറക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ ഇന്ത്യയുടെ സ്ഥിരമായ നിലപാടിനെകുറിച്ച് നേപ്പാളിന് നന്നായി അറിയാം. ഇത്തരം നീതീകരിക്കപ്പെടാത്ത കാർട്ടോഗ്രാഫിക് വാദത്തിൽ നിന്ന് വിട്ടുനിൽക്കാനും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും നേപ്പാളിനോട് ആവശ്യപ്പെടുന്നു. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര സംഭാഷണങ്ങൾക്ക് നേപ്പാൾ നേതൃത്വം മികച്ച അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കരുതുന്നതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ മാപ്പ് പുറത്തിറക്കിയത്. മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com