തീരത്തോടടുത്ത് ഉംപുണ്‍; കൊല്‍ക്കത്ത വിമാനത്താവളം അടച്ചു; ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി, ഒഡീഷയില്‍ കനത്ത നാശം, ഒരു മരണം (വീഡിയോ)

ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലും ബംഗാളിലും ശക്തമായ കാറ്റും മഴയും
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന്റെ ഭാഗമായി ഒഡീഷയിലും ബംഗാളിലും ശക്തമായ കാറ്റും മഴയും. കൊല്‍ക്കത്ത വിമാനത്താവളം താത്ക്കാലികമായി അടച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചുമണിവരെ വിമാനത്താവളം തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിമാനങ്ങള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും ചെങ്കല്‍പ്പേട്ടില്‍ നിന്നും ബംഗാളിലേക്ക് പുറപ്പെടേണ്ടിയിരുന്ന രണ്ട് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ചില ട്രെയിനുകള്‍ വഴി തിരിച്ചു വിടാനും തീരുമാനമായി. 

അതേസമയം, ഒഡീഷയില്‍ കാറ്റ് കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. സത്ഭയയില്‍ വീട് തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ചു. ഒഡീഷയിലും ബംഗാളിലും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകളും മറ്റും സജ്ജമാണെന്ന് നാവികസേന അറിയിച്ചു. നേവല്‍ എയര്‍ ക്രാഫ്റ്റുകളും സഹായത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. 

സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുണ്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്‌സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്‌റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഉംപുണ്‍ കരതൊടുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 155 മുതല്‍ 185 കിലോമീറ്റര്‍ വരെയാകാമെന്നാണ് കണക്കുകൂട്ടല്‍. 2019 നവംബര്‍ ഒമ്പതിന് പശ്ചിമബംഗാളില്‍ വീശിയ 'ബുള്‍ബുള്‍' ചുഴലിക്കാറ്റിനെക്കാള്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ഉംപുണ്‍. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാല നാലഞ്ച് മീറ്റര്‍വരെ ഉയരാം. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുഴലിക്കാറ്റിനെ നേരിടേണ്ട പ്രതിസന്ധിയിലാണ് ബംഗാളും ഒഡീഷയും. ബംഗാളിലെ ദിഘയില്‍ കൂടിയാണ് ഉംപുണ്‍ ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്. ഇതിന് മുന്നോടിയായി മൂന്നുലക്ഷം ആളുകളെയാണ് ബംഗാളിലെ തീരമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചത്. ഒഡീഷ 11 ലക്ഷം ആളുകളെയാണ് ഒഴിപ്പിക്കുന്നത്. ഇവിടെ നാല് ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com