ആഭ്യന്തര വിമാന യാത്രയ്ക്ക് ശേഷം ക്വാറന്റൈന്‍ ആവശ്യമില്ല; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കും, 40 ശതമാനം സീറ്റുകളില്‍ പകുതി നിരക്കെന്ന് കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേയ്ക്കാണ് വിമാന ടിക്കറ്റ് നിരക്ക് നിജപ്പെടുത്തുന്നത്
ആഭ്യന്തര വിമാന യാത്രയ്ക്ക് ശേഷം ക്വാറന്റൈന്‍ ആവശ്യമില്ല; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കും, 40 ശതമാനം സീറ്റുകളില്‍ പകുതി നിരക്കെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കേ,  വിമാനനിരക്കുകള്‍ നിജപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഉദാഹരണമെന്ന നിലയില്‍ ഡല്‍ഹി- മുംബൈ യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 3500 രൂപയായിരിക്കും. കൂടിയ നിരക്ക് 10,000 രൂപയായും നിജപ്പെടുത്തും. ആഭ്യന്തര വിമാന യാത്രയ്ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ക്വാറന്റൈന്‍ നിര്‍ദേശിക്കാവുന്നതാണെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേയ്ക്കാണ് വിമാന ടിക്കറ്റ് നിരക്ക് നിജപ്പെടുത്തുന്നത്. വിമാന യാത്രയുടെ ദൈര്‍ഘ്യം അടിസ്ഥാനമാക്കി റൂട്ടുകളെ ഏഴായി തരംതിരിച്ചു. 0-30 മിനിറ്റ്, 30-60, 60-90, 90-120, 120-150, 150-180, 180-210 മിനിറ്റ് എന്നിങ്ങനെയാണ് യാത്ര ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ റൂട്ടുകള്‍ തരംതിരിച്ചത്. വിമാനത്തിലെ 40 ശതമാനം സീറ്റുകള്‍ക്ക് 50 ശതമാനത്തില്‍ താഴെ നിരക്ക് മാത്രമേ ഈടാക്കൂവെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. അതായത് ഡല്‍ഹി-മുംബൈ റൂട്ടില്‍ 40 ശതമാനം സീറ്റുകളില്‍ ടിക്കറ്റുനിരക്കായി 6700 രൂപ മാത്രമേ ഈടാക്കൂവെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരാതിരിക്കാനാണ് നിജപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ മൂന്നിലൊന്ന് സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. യാത്രക്കാര്‍ രണ്ടുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഒരു ബാഗ് മാത്രമേ അനുവദിക്കൂ. വിമാനത്തില്‍ മധ്യത്തിലുളള സീറ്റ് ഒഴിച്ചിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഹര്‍ദീപ് സിങ് പുരി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com