ഗംഗയില്‍ ബാക്ടീരിയയെ കൊല്ലുന്ന ബാക്ടീരിയോഫേജ് വൈറസ് ധാരാളം; കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് റിവര്‍ എന്‍ജിനീയറുടെ അവകാശവാദം

കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ഗംഗാജലത്തിന് കഴിയുമെന്ന അവകാശവാദവുമായി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അധ്യാപകന്‍.
ഗംഗയില്‍ ബാക്ടീരിയയെ കൊല്ലുന്ന ബാക്ടീരിയോഫേജ് വൈറസ് ധാരാളം; കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിവുണ്ടെന്ന് റിവര്‍ എന്‍ജിനീയറുടെ അവകാശവാദം

ലക്‌നൗ: കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ഗംഗാജലത്തിന് കഴിയുമെന്ന അവകാശവാദവുമായി ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ അധ്യാപകന്‍. ഗംഗാജലത്തില്‍ അടങ്ങിയിട്ടുളള ബാക്ടീരിയോഫേജിന് കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്ത് വ്യാപനം തടയാന്‍ സാധിക്കുമെന്ന് ഐഐടിയിലെ മുന്‍ സിവില്‍ എന്‍ജിനീയറിംഗ് പ്രൊഫസര്‍ കൂടിയായ യു കെ ചൗധരി അവകാശപ്പെടുന്നു. ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒരു തരം വൈറസാണ് ബാക്ടീരിയോഫേജ്.

പുരാണങ്ങളില്‍ ഗംഗാജലത്തിന് ഔഷധ ഗുണമുണ്ടെന്ന് പറയുന്നുണ്ട്. രോഗാണുക്കളെ കൊല്ലാന്‍ ശേഷിയുളള ബാക്ടീരിയോഫേജ് ഗംഗാജലത്തില്‍ അടങ്ങിയിട്ടുളളതായി വിവിധ പഠനങ്ങളും വ്യക്തമാക്കുന്നു. അതിനാല്‍ കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ ഗംഗാജലത്തെ ഉചിതമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ചൗധരി ആവശ്യപ്പെടുന്നു. ഐഐടിയിലെ ഗംഗാ റിസര്‍ച്ച് സെന്ററിന്റെ സ്ഥാപകന്‍ കൂടിയാണ് ചൗധരി.

ഗംഗയിലെ ബാക്ടീരിയോഫേജ് മണ്ണിലും വായുവിലും വെളളത്തിലും നിറയുന്നതോടെ, കൊറോണ വൈറസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ഇതിനായി ഗംഗയില്‍ സ്ഥാപിച്ചിട്ടുളള ഡാമുകളുടെയും മറ്റു സംഭരണികളുടെയും ഗേറ്റുകള്‍ തുറന്നുവിടണം. ഇതിലൂടെ ഗംഗയില്‍ ഒന്നടങ്കം ബാക്ടീരിയോഫേജിന്റെ സാന്നിധ്യം വര്‍ധിപ്പിക്കണമെന്നും ചൗധരി പറഞ്ഞു.

മറ്റു പ്രമുഖ നദികളായ യമുന, സോണ്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഹിമാലയത്തിലെ ഏറ്റവും ഉയരമുളള സ്ഥലത്ത് നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്. ഗോമുഖില്‍ നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്. അതും യമുന ഉത്ഭവിക്കുന്ന യമുനോത്രിയില്‍ നിന്ന് വ്യത്യസ്തമായി അടിത്തട്ടില്‍ നിന്നാണ് ഗംഗാജലം പുറത്തുവരുന്നത്. ഏറ്റവും ഉയരത്തില്‍ നിന്ന് ഉത്ഭവിക്കുന്നത് കൊണ്ട് തന്നെ ഏറ്റവുമധികം ഗുണമേന്മ അവകാശപ്പെടാന്‍ സാധിക്കുക ഗംഗാജലത്തിനാണ്. അതിനാല്‍ ഇതിലടങ്ങിയിട്ടുളള ഔഷധഗുണം കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ പ്രയോജനകരമാകുമെന്നും ചൗധരി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com