ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം ; കൊറോണ മരുന്നെന്ന് പറഞ്ഞ് സ്ത്രീകളെ ഉപയോഗിച്ച്  കാമുകന് വിഷം നല്‍കി, യുവാവ് അറസ്റ്റില്‍

മരുന്ന് നല്‍കാനായി രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കുകയും ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം ; കൊറോണ മരുന്നെന്ന് പറഞ്ഞ് സ്ത്രീകളെ ഉപയോഗിച്ച്  കാമുകന് വിഷം നല്‍കി, യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഹോം​ ഗാര്‍ഡിനും കുടുംബത്തിനും സ്ത്രീകളെ ഉപയോഗിച്ച് വിഷം നല്‍കിയ ആള്‍ അറസ്റ്റില്‍. കൊറോണ വൈറസ് ബാധ തടയുന്നതിനായുള്ള മരുന്നെന്ന വ്യാജേനയാണ് ഇയാൾ സ്ത്രീകളെ ഉപയോ​ഗിച്ച് മരുന്ന് നൽകിയത്.   മരുന്ന് നല്‍കാനായി രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുക്കുകയും ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് ആരോഗ്യപ്രവര്‍ത്തകര്‍ എന്ന വ്യാജേന അയക്കുകയുമായിരുന്നു.

വടക്കന്‍ ദില്ലിയിലെ അലിപൂര്‍ പ്രദേശത്ത് ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കേസില്‍ പ്രദീപ് (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.  ഹോം ഗാര്‍ഡിനോട് പ്രതികാരം ചെയ്യാനാണ് പ്രദീപ് സ്ത്രീകളെ വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു.  ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് സ്ത്രീകള്‍ ഹോംഗാര്‍ഡിന്റെ വീട്ടില്‍ എത്തിയത്. കൊറോണ തടയാനുള്ള മരുന്നാണിതെന്ന് സ്ത്രീകള്‍ കുടുംബാംഗങ്ങളോട് പറഞ്ഞു.  തുടര്‍ന്ന് സ്ത്രീകള്‍ കുടുംബത്തിന് ദ്രാവക രൂപത്തിലുള്ള ഒന്ന് കഴിക്കാനായി കൊടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇത് കഴിച്ച കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി വഷളായി. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രണ്ട് സ്ത്രീകളെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ നിന്നാണ് ക്വട്ടേഷൻ നൽകിയ പ്രദീപിനെ കുറിച്ച് വിവരം ലഭിച്ചത്. ഹോം​ഗാർഡുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രദീപ് സംശയിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാനായി പ്രദീപ് സ്ത്രീകള്‍ക്ക് പണം നല്‍കി കുടുംബത്തിന് വിഷം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com