മദ്യം വേണമെന്ന് ബഹളം; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സാമൂഹ്യ അകലം ലംഘിച്ച് ബാര്‍ ഡാന്‍സര്‍മാരുടെ നൃത്തം; പൊലീസ് കേസെടുത്തു

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ബഹളംവെക്കുകയും നൃത്തം ചെയ്യുകയും ചെയ്ത ബാര്‍ ഡാന്‍സര്‍മാരായ സ്ത്രീകള്‍ക്കെതിരേ പൊലീസ് കേസെടുത്തു
മദ്യം വേണമെന്ന് ബഹളം; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സാമൂഹ്യ അകലം ലംഘിച്ച് ബാര്‍ ഡാന്‍സര്‍മാരുടെ നൃത്തം; പൊലീസ് കേസെടുത്തു

ലഖ്‌നോ: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ബഹളംവെക്കുകയും നൃത്തം ചെയ്യുകയും ചെയ്ത ബാര്‍ ഡാന്‍സര്‍മാരായ സ്ത്രീകള്‍ക്കെതിരേ പൊലീസ് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പ്രശ്‌നങ്ങളുണ്ടാക്കി ബഹളംവെച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. പകര്‍ച്ചവ്യാധി നിയമപ്രകാരമുള്ള കുറ്റവും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ആറ് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. 

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ബാര്‍ ഡാന്‍സര്‍മാര്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകരോട് മദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇത് നിരാകരിച്ചതോടെ ഇവര്‍ കൂട്ടത്തോടെ നൃത്തം ചെയ്യുകയായിരുന്നു. ക്വാറന്റീനില്‍ കഴിയേണ്ടവര്‍ സാമൂഹിക അകലം പാലിക്കാതെയാണ് നൃത്തം ചെയ്യാനും ഇത് കാണാനുമായി ഒത്തുകൂടിയത്. തങ്ങളെ വീട്ടിലേക്ക് പറഞ്ഞയക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 

ക്വാറന്റൈന്‍ കാലാവധി കഴിയാതെയും കോവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കാതെയും വീട്ടിലേക്ക് പോകാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെങ്കിലും ഇവര്‍ ബഹളംവെയ്ക്കുകയും നൃത്തം തുടരുകയമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

മുംബൈയില്‍നിന്നെത്തിയ ബാര്‍ ഡാന്‍സര്‍മാര്‍ ഉള്‍പ്പെടെ 72 പേരാണ് ഇവിടെ നിരീക്ഷണത്തിലുളളത്്. ലോറിയിലാണ് ഇവര്‍ മുംബൈയില്‍നിന്ന് വന്നത്. ഇവരില്‍ 40 സ്ത്രീകളും 20 പുരുഷന്മാരും 12 കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com