രാജ്യത്ത്  രണ്ടു ദിവസത്തിനിടെ 11,200 ലേറെ പേര്‍ക്ക് കോവിഡ് ; ആശങ്കയായി മഹാരാഷ്ട്ര ; രോഗബാധയില്‍ ഇന്ത്യ 11-ാം സ്ഥാനത്ത്

രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഇവിടെ ആകെ രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്
രാജ്യത്ത്  രണ്ടു ദിവസത്തിനിടെ 11,200 ലേറെ പേര്‍ക്ക് കോവിഡ് ; ആശങ്കയായി മഹാരാഷ്ട്ര ; രോഗബാധയില്‍ ഇന്ത്യ 11-ാം സ്ഥാനത്ത്


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ വ്യാപിക്കുന്നതിന്റെ വേഗത വര്‍ധിക്കുന്നു. രണ്ടു ദിവസത്തിനിടെ 11,220 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5609 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

ഇന്ത്യയില്‍ ഏററവും കൂടുതല്‍ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. ഇവിടെ ആകെ രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്.

തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 64 പേരാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1390 ആയി.

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,191 ആയി. ഗുജറാത്തില്‍ 12,537 പേര്‍ക്കും, ഡല്‍ഹിയില്‍ 11,088 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 36 സംസ്ഥാനങ്ങളില്‍ 33 ലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12, 359 ആയി. കോവിഡ് വ്യാപനത്തില്‍ ലോകത്ത് 11-ാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോള്‍. അമേരിക്ക, റഷ്യ, ബ്രസീല്‍, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജെര്‍മ്മനി, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com