സിആര്‍പിഎഫില്‍ ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ്, ഒരു മരണം; അര്‍ദ്ധ സൈനിക വിഭാഗത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 335 ആയി

അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിആര്‍പിഎഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 335 ആയി. ഇതില്‍ 121 പേര്‍ ചികിത്സയില്‍ കഴിയുന്നതായും സിആര്‍പിഎഫ് വ്യക്തമാക്കി.

ഇന്ന് മാത്രം സിആര്‍പിഎഫില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റൊരു അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ മുതല്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ നിന്ന് 25 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജ്ജ് ചെയ്തത്. നിലവില്‍ മൊത്തം 274 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 87 പേര്‍ മാത്രമാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ബിഎസ്എഫ് വ്യക്തമാക്കി.

അതേസമയം രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ 571 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 11659 ആയി. 194 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ച്ചയായ രണ്ടു ദിവസം കൊണ്ട് ആയിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 534 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. 5500 ലധികം ആളുകള്‍ കോവിഡ് മുക്തി നേടി ആശുപത്രി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 1,12,359 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45300 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 3435 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com