ലോക്ക്ഡൗണ്‍ കൊണ്ട് ഒരു ഗുണവുമുണ്ടായില്ല; ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടും; രാഹുല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd May 2020 09:51 PM |
Last Updated: 22nd May 2020 09:51 PM | A+A A- |

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 22 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുലിന്റെ വിമര്‍ശനം. കോവിഡ് 19 രോഗം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വൈറസ് ബാധ വര്‍ധിക്കുകയാണ്. പക്ഷേ നിയന്ത്രണങ്ങള്‍ നീക്കുന്നു. പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതുമൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി. എന്നാല്‍ അവരുടെ അക്കൗണ്ടുകളില്‍ 7,500 രൂപവീതമെങ്കിലും നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കുടിയേറ്റ തൊഴിലാളികളെയും ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ പണിയെടുക്കുന്നവരെയും സഹായിക്കാനും അവര്‍ക്ക് റേഷന്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണ്‍ വിപരീത ഫലമുണ്ടാക്കും.
സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ല. ജനങ്ങള്‍ക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടത്. പാര്‍ട്ടികളുടെ നിലപാട് വ്യക്തമാക്കുന്നതിന് പകരം രാജ്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ഇപ്പോള്‍ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കോടിക്കണക്കിനു പേര്‍ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.