ഡിഎംകെയില്‍ നിന്നും പുറത്താക്കിയ മുതിര്‍ന്ന നേതാവ് വി പി ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നു

സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വി പി ദുരൈസ്വാമി
ഡിഎംകെയില്‍ നിന്നും പുറത്താക്കിയ മുതിര്‍ന്ന നേതാവ് വി പി ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: : ഡിഎംകെയില്‍ നിന്നും പുറത്താക്കിയ മുതിര്‍ന്ന നേതാവ് വി പി ദുരൈസ്വാമി ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് വി പി ദുരൈസ്വാമി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനുമായി ദുരൈസാമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ ദളിത് നേതാവും ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ദുരൈസ്വാമിയെ പാര്‍ട്ടി പദവിയില്‍ നിന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പുറത്താക്കിയത്.

ദുരൈസ്വാമിക്ക് പകരം പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി രാജ്യസഭാ അംഗം അന്തിയൂര്‍ പി. സെല്‍വരാജിനെ നിയമിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലിരുന്ന രണ്ടുതവണ ഡെപ്യൂട്ടി സ്പീക്കറും ഒരുതവണ രാജ്യസഭാംഗവുമായ ദുരൈസാമി കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ്.

കഴിഞ്ഞിടയ്ക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും മറ്റൊരു ദളിത് നേതാവായ അന്തിയൂര്‍ സെല്‍വരാജിനെയാണ് നേതൃത്വം പരിഗണിച്ചത്. സ്വന്തം നാടായ നാമക്കലില്‍ പുതിയ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ നിയമിച്ചപ്പോള്‍ തന്റെ അഭിപ്രായം തേടാതിരുന്നതും ദുരൈസാമിയെ ചൊടിപ്പിച്ചു. ഡിഎംകെ ജനറല്‍ സെക്രട്ടറിസ്ഥാനം ലക്ഷ്യമിടുന്ന ദുരൈമുരുകന്‍ ഖജാന്‍ജിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഈ സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയില്‍ ദുരൈസാമിയുമുണ്ടായിരുന്നു.

തമിഴിസൈ സൗന്ദര്‍രാജന്‍ തെലങ്കാന ഗവര്‍ണറായതിനെ തുടര്‍ന്നാണ് മാര്‍ച്ചില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി എല്‍ മുരുകനെ നിയമിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് നേതാക്കള്‍ക്കിടയില്‍ വടംവലി നടക്കുമ്പോഴാണ് ദളിത് വിഭാഗത്തില്‍പ്പെട്ട മുരുകനെ കേന്ദ്രനേതൃത്വം നിയമിച്ചത്. മുരുകന്‍ ചുമതലയേറ്റതിന് ശേഷം നടത്തുന്ന ഏറ്റവും തന്ത്രപ്രധാന നീക്കത്തിനൊടുവിലാണ് ഡിഎംകെയില്‍ നിന്നും ദുരൈസാമിയെ ബിജെപിയിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com