പ്രധാനമന്ത്രി ഇന്ന് ബംഗാളില്‍;  ഉംപുൺ ബാധിതമേഖലകൾ സന്ദര്‍ശിക്കും

ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി വീക്ഷിച്ച് നാശനഷ്ടം വിലയിരുത്തും
പ്രധാനമന്ത്രി ഇന്ന് ബംഗാളില്‍;  ഉംപുൺ ബാധിതമേഖലകൾ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെത്തും. ഉംപുൺ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി വീക്ഷിച്ച് നാശനഷ്ടം വിലയിരുത്തും. ഉംപുൺ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം.

പ്രധാനമന്ത്രി രാവിലെ 10.45 ഓടെ കൊൽക്കത്തയിലെത്തും. ബം​ഗാൾ സന്ദർശനശേഷം ഒഡീഷയിലെ ചുഴലിക്കാറ്റ് ബാദിത മേഖലകളും മോദി സന്ദർശിക്കും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ 72 പേരാണ് മരിച്ചത്. ഒഡീഷയിൽ രണ്ടുപേരും മരിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.

സന്ദര്‍ശനത്തില്‍ പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും പ്രധാനമന്ത്രി ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചേക്കും. ബംഗാളിലെ കിഴക്കന്‍ മദിനിപുര്‍ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് ഉംപുന്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 160-170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച് 190 വരെ വേഗമാര്‍ജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു.

ചുഴലിക്കാറ്റിൽ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ബം​ഗാൾ സർക്കാർ 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷ തീരത്തും വന്‍നാശം സംഭവിച്ചു. ഇരു സംസ്ഥാനത്തുമായി ഏഴുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കൊല്‍ക്കത്ത വിമാനത്താവളമടക്കം വെള്ളത്തില്‍ മുങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com