ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ മരണസംഖ്യ  78,000 വരെ ഉയര്‍ന്നേനെ;  കോവിഡ് ബാധിതരില്‍ 80 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍

രാജ്യത്ത് 24 മണിക്കൂറിനിടെ 3234 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്രസര്‍ക്കാര്‍
ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ മരണസംഖ്യ  78,000 വരെ ഉയര്‍ന്നേനെ;  കോവിഡ് ബാധിതരില്‍ 80 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3234 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്രസര്‍ക്കാര്‍. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗമുക്തി നേടിയവരുടെ തോത് 41 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതായത് കോവിഡ് സ്ഥിരീകരിച്ച 48,534 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതുവരെ കാണാത്ത തരത്തിലാണ്
നിശ്ചയദാര്‍ഢ്യത്തോടെ കാര്യങ്ങള്‍ ചെയ്യുന്നത്. നിലവില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോഴും മരണനിരക്ക് കേവലം 3 ശതമാനം മാത്രമാണ്. 135 കോടി ജനങ്ങളുളള രാജ്യത്ത് ഒരു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവര്‍ ഇരട്ടിയാകുന്ന ദിവസങ്ങളില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇത് 13 ദിവസമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും ക്രമാതീതമായി ഉയര്‍ന്നെനേയെന്ന് ഉന്നതതല സമിതി ചെയര്‍മാന്‍ വി കെ പോള്‍ പറഞ്ഞു.അങ്ങനെ നോക്കുമ്പോള്‍ രോഗവ്യാപനം തടയുന്നതില്‍ ലോക്ക്ഡൗണ്‍ നിര്‍ണായക ഘടകമായതായി വിലയിരുത്താം. ഒന്ന്, രണ്ട് ഘട്ട ലോക്ക്ഡൗണ്‍ ഇല്ലായിരുന്നുവെങ്കില്‍ മരണസംഖ്യ 37,000 മുതല്‍ 78,000 വരെ ഉയര്‍ന്നേക്കാം. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇക്കാലയളവില്‍ 14 - 29 ലക്ഷം വരെയായി ഉയര്‍ന്നേനെയെന്നും വി കെ പോള്‍ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ വഴി ഇത് തടയാന്‍ സാധിച്ചുവെന്ന്വി കെ പോള്‍ പറഞ്ഞു.

രാജ്യത്തെ കോവിഡ് കേസുകളില്‍ 80 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം കോവിഡ് ബാധിതരും. മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നി പ്രമുഖ നഗരങ്ങളിലാണ് കോവിഡ് ബാധിതരില്‍ 60 ശതമാനവുമെന്നും വി കെ പോള്‍ വ്യക്തമാക്കി. കൊറോണ ബാധിച്ചവരില്‍ 90 ശതമാനം പേരും 10 സംസ്ഥാനങ്ങളില്‍ നിന്നുളളവരാണെന്നും വി കെ പോള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com