ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് എന്തിന് ക്വാറന്റൈന്‍?; എതിര്‍പ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി 

ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുളള വിവിധ സംസ്ഥാനങ്ങളുടെ തീരുമാനത്തില്‍ എതിര്‍പ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി
ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് എന്തിന് ക്വാറന്റൈന്‍?; എതിര്‍പ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി 

ന്യൂഡല്‍ഹി:  ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുളള വിവിധ സംസ്ഥാനങ്ങളുടെ തീരുമാനത്തില്‍ എതിര്‍പ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അവരവരുടെ നാടുകളില്‍ എത്തുന്ന ആഭ്യന്തര വിമാന യാത്രക്കാരുടെ സ്റ്റാറ്റസ് ആരോഗ്യ സേതു ആപ്പില്‍ ഗ്രീന്‍ ആണെങ്കില്‍ എന്തിന് ക്വാറന്റൈനില്‍ പോവാന്‍ പറയുന്നത് എന്ന് മനസിലാകുന്നില്ലെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.  കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, അസം, ജമ്മു കശ്മീര്‍ എന്നി സംസ്ഥാനങ്ങളാണ് നാട്ടില്‍ എത്തുന്ന ആഭ്യന്തര വിമാന യാത്രക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതിനെതിരെയാണ് വ്യോമയാന മന്ത്രി രംഗത്തുവന്നത്. ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ എന്ന് പുനരാരംഭിക്കും എന്നതിനെ സംബന്ധിച്ച്  ഹര്‍ദീപ് സിങ് പുരി സൂചന നല്‍കി. ഓഗസ്റ്റിന് മുന്‍പ് രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. ഓഗസ്റ്റിന് മുന്‍പ് നല്ലൊരു ശതമാനം വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യാതൊരു വിധ വ്യക്തത കുറവും ഇല്ല. മുന്‍ നിശ്ചയപ്രകാരം തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടില്‍ എത്തിക്കുന്നതിനുളള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ 25 ദിവസം കൊണ്ട് 50000 പേരെ കൊണ്ടുവരാന്‍ സാധിക്കും. പ്രത്യേക വിമാനങ്ങളില്‍ ഇവരെ കൊണ്ടുവരാനുളള എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com