ജൂണ്‍ ഒന്നുമുതല്‍ 200 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍; സംസ്ഥാനത്തിന് അകത്ത് മാത്രമായി സര്‍വീസ് നടത്താനും തയ്യാറെന്ന് റെയില്‍വേ, അടുത്ത പത്ത് ദിവസം 2600 പ്രത്യേക ട്രെയിനുകള്‍

ട്രെയിന്‍ ഗതാഗതം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി റെയില്‍വേ
ജൂണ്‍ ഒന്നുമുതല്‍ 200 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍; സംസ്ഥാനത്തിന് അകത്ത് മാത്രമായി സര്‍വീസ് നടത്താനും തയ്യാറെന്ന് റെയില്‍വേ, അടുത്ത പത്ത് ദിവസം 2600 പ്രത്യേക ട്രെയിനുകള്‍

ന്യൂഡല്‍ഹി: ട്രെയിന്‍ ഗതാഗതം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി റെയില്‍വേ. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ 200 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കും. ട്രെയിനില്‍ സീറ്റ് ഉറപ്പാക്കുന്നതിന് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സമയപരിധി 30 ദിവസമാക്കി. ഏതെങ്കിലും സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കില്‍ സംസ്ഥാനത്തിന് അകത്ത് മാത്രമായി ട്രെയിന്‍ ഓടിക്കാനും തയ്യാറാണെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത മാസത്തിന്റെ തുടക്കം മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന് വിവിധ നടപടികളാണ് റെയില്‍വേ സ്വീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ടിക്കറ്റ് ബുക്കിംഗ് മെയ് 21 മുതല്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായി റിസര്‍വേഷന്‍ നിര്‍ബന്ധമാണ്.  ഉടന്‍ തന്നെ കഴിക്കാന്‍ സാധിക്കുന്ന തരത്തിലുളള പാക്കേജ്ഡ് ഭക്ഷണമാണ് റെയില്‍വേ നല്‍കുക. സാമൂഹിക അകലം, ശുചിത്വം എന്നിവ യാത്രക്കാര്‍ നിര്‍ബന്ധമായി പാലിക്കണം. യാത്രക്കാരെ സ്റ്റേഷനുകളില്‍ വച്ച് പരിശോധനയ്ക്ക് വിധേയമാക്കും. മുഖാവരണം, ആരോഗ്യസേതു ആപ്പ് എന്നിവ നിര്‍ബന്ധമാണെന്നും റെയില്‍വേ വ്യക്തമാക്കി.

അടുത്ത പത്ത് ദിവസം 2600 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്കാണ് സര്‍വീസ് നടത്തുകയെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com