വരുതിയിലാകാതെ 10 നഗരങ്ങള്‍, നോണ്‍ ഹോട്ട്‌സ്‌പോട്ട് മേഖലകളിലും രോഗം കൂടുന്നു, രാജ്യത്ത് കോവിഡ് രഹിത ജില്ലകള്‍ 300ല്‍ നിന്ന് 126 ആയി

ഉത്തര്‍പ്രദേശ് , ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ജില്ലകളിലാണ് പുതിയ കേസുകള്‍ കൂടുതലായുള്ളത്‌
വരുതിയിലാകാതെ 10 നഗരങ്ങള്‍, നോണ്‍ ഹോട്ട്‌സ്‌പോട്ട് മേഖലകളിലും രോഗം കൂടുന്നു, രാജ്യത്ത് കോവിഡ് രഹിത ജില്ലകള്‍ 300ല്‍ നിന്ന് 126 ആയി

ന്യൂഡല്‍ഹി : അതിഥി തൊഴിലാളികള്‍ സ്വദേശത്തേക്ക് മടങ്ങിയെത്തുന്നത് വര്‍ധിച്ചതോടെ, രാജ്യത്തെ കോവിഡ് രഹിത ജില്ലകളുടെ എണ്ണത്തിലും വന്‍ കുറവ്. ഏപ്രില്‍ 22 ന് രാജ്യത്ത് 300 കോവിഡ് മുക്ത ജില്ലകളുണ്ടായിരുന്നു. ഇത് 126 ആയി ചുരുങ്ങി. 174 ഇടങ്ങളില്‍ ഒരു കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് കണക്ക്. നോണ്‍ ഹോട്‌സ്‌പോട്ട് മേഖലകളിലും രോഗം കൂടുന്നുണ്ട്.

ഉത്തര്‍പ്രദേശ് , ബിഹാര്‍, മധ്യപ്രദേശ്, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ ജില്ലകളിലാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തേ 10ല്‍ താഴെ കേസുകള്‍ മാത്രമുണ്ടായിരുന്ന 200 ജില്ലകളുണ്ടായിരുന്നു. ഇവിടെ നിലവില്‍ 40 കേസുകള്‍ വീതം ശരാശരിയുണ്ട്. 10-നും 50നും ഇടയില്‍ കോവിഡ് രോഗികളുണ്ടായിരുന്ന 150 ജില്ലകളില്‍ നിലവില്‍ നൂറിനടുത്താണ് രോഗബാധിതരുള്ളത്.

രാജ്യത്തെ ആകെ രോഗികളില്‍ 90% ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ബംഗാള്‍, ബിഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 80% കേസുകളും.

നഗരങ്ങളില്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, പുനെ, താനെ, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ഔറംഗാബാദ് എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ആകെ രോഗികളില്‍ 70 % ഈ നഗരങ്ങളിലാണ്. ഇതില്‍ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ അഞ്ചുനഗരങ്ങളില്‍ നിന്നാണ് കോവിഡ് കേസിന്റെ 60 ശതമാനവും.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് മരണനിരക്കില്‍ മുന്നിലുള്ളത്. ആകെ മരണങ്ങളില്‍ 90 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. അതേസമയം ലോക്ക്ഡൗണ്‍ നടപ്പാക്കിയില്ലായിരുന്നെങ്കില്‍ ഈ സമയം, രാജ്യത്ത് 20 ലക്ഷം കോവിഡ് കേസുകളും 54,000 മരണവും റിപ്പോര്‍ട്ട് ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തല്‍. വിവിധ പഠനങ്ങളും സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കും ഉദ്ധരിച്ചു കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് ശാക്തീകരണ സമിതിയുടേതാണ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com