വിരഹദുഃഖം താങ്ങാനാവാതെ 80 കിലോമീറ്റര്‍ ഒറ്റയ്ക്ക് നടന്ന് യുവതി; ലോക്ക്ഡൗണിനിടെ മറ്റൊരു വിവാഹ കാഴ്ച

ഉത്തര്‍പ്രദേശിലാണ് വിരഹ ദുഃഖം താങ്ങാനാവാതെ,വരനൊപ്പം ജീവിക്കാന്‍ യുവതി ഒറ്റയ്ക്ക് കാല്‍നടയായി സഞ്ചരിച്ച് യുവാവിന്റെ വീട്ടില്‍ എത്തിയത്
വിരഹദുഃഖം താങ്ങാനാവാതെ 80 കിലോമീറ്റര്‍ ഒറ്റയ്ക്ക് നടന്ന് യുവതി; ലോക്ക്ഡൗണിനിടെ മറ്റൊരു വിവാഹ കാഴ്ച

ലക്‌നൗ:  കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണിനിടെ, നാട്ടില്‍ എത്തുന്നതിന് കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ദുരിതകാഴ്ചകള്‍ നിരവധി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ വിവാഹത്തിനായി 20കാരി 80 കിലോമീറ്റര്‍ ദൂരം ഒറ്റയ്ക്ക് കാല്‍നടയായി സഞ്ചരിച്ചതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം നിറയുന്നത്. 

ഉത്തര്‍പ്രദേശിലാണ് വിരഹ ദുഃഖം താങ്ങാനാവാതെ,വരനൊപ്പം ജീവിക്കാന്‍ യുവതി ഒറ്റയ്ക്ക് കാല്‍നടയായി സഞ്ചരിച്ച് യുവാവിന്റെ വീട്ടില്‍ എത്തിയത്.മെയ് നാലിനാണ് 20കാരിയായ ഗോള്‍ഡിയുടെയും 23 കാരനായ വീരേന്ദ്ര കുമാറിന്റെയും വിവാഹം തീരുമാനിച്ചിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് കല്യാണം രണ്ടുതവണയായി നീട്ടിവെച്ചു. മാര്‍ച്ച് മുതല്‍ തന്നെ ഇരുവരും ഫോണിലൂടെ ഏറെ അടുപ്പത്തിലായിരുന്നു. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കല്യാണം നീട്ടിവെച്ചതോടെ ഇരുവരും അസ്വസ്ഥരായി.

ബുധനാഴ്ച ഉച്ചയോടെ വീരേന്ദ്ര കുമാറിന്റെ നാടായ കനൗജിലെ ബൈസാപൂരിലേക്ക് കാല്‍നടയായി പോകാന്‍ ഗോള്‍ഡി തീരുമാനിക്കുകയായിരുന്നു. കാന്‍പൂരിലെ ലക്ഷ്മണ്‍പൂര്‍ തിലക് ഗ്രാമമാണ് ഗോള്‍ഡിയുടെ സ്വദേശം. അപ്രതീക്ഷിതമായി ഗോള്‍ഡിയെ കണ്ടതോടെ വിവാഹം നടത്താന്‍ വരന്റെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. 

ക്ഷേത്രത്തില്‍ വച്ചാണ് കല്യാണം നടത്തിയത്. സാമൂഹിക അകലം പാലിച്ച് കൊണ്ടാണ് കല്യാണം നടത്തിയത്.  ചുവന്ന സാരി അണിഞ്ഞാണ് യുവതി കല്യാണ മണ്ഡപത്തില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com