മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; അരലക്ഷം കടന്നു; മരണം ആയിരത്തിലേക്ക്

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; അരലക്ഷം കടന്നു; മരണം ആയിരത്തിലേക്ക്


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം മൂവായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 50, 231 ആയി.

സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞായറാഴ്ചയാണ്. 3,031 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 58 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 988 ആയി. 33,988 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 765 പേര്‍ക്ക്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 16,277 ആയി. 7839 പേരാണ് നിലവില്‍ വൈറസ് ബാധിതര്‍. എട്ട് പേരാണ് തമിഴ്‌നാട്ടില്‍ ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 111 ആയെന്നും ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 587 പേരും ചെന്നൈയില്‍ ഉള്ളവരാണ്. സംസ്ഥാനത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ദുബായില്‍ നിന്ന് എത്തിയ ആളാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 44 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 39 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കും കേരളം, കര്‍ണാടക, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ഓരോരുത്തര്‍ക്കും വീതം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

833 പേര്‍ ഇന്ന് തമിഴ്‌നാട്ടില്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തരായവരുടെ എണ്ണം 8324 ആണ്. 5643 പേര്‍ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com