750 വിര്‍ച്വല്‍ റാലികള്‍, 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ ; സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ബിജെപി

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിൽ ഊന്നിയായിരിക്കും വെര്‍ച്വല്‍ സംവാദങ്ങള്‍
750 വിര്‍ച്വല്‍ റാലികള്‍, 1000 ഓണ്‍ലൈന്‍ സംവാദങ്ങള്‍ ; സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ബിജെപി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രാജ്യത്ത് ആശങ്കയുയര്‍ത്തി പടരുന്നതിനിടെ, രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി ബിജെപി. മെയ് 30 നാണ് ആഘോഷ പരിപാടികള്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ കൂട്ടം ചേര്‍ന്നുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍, വേറിട്ട ആഘോഷ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്.

രാജ്യത്താകെ 750 ഓളം വിര്‍ച്വല്‍ റാലികളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ ആയിരത്തോളം വിര്‍ച്വല്‍ കോണ്‍ഫറന്‍സുകളും നടത്തും. ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ മേല്‍നോട്ടത്തിലാണ് ഓണ്‍ലൈന്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിലൂന്നിയായിരിക്കും വെര്‍ച്വല്‍ സംവാദങ്ങള്‍.

'ഇത് ആദ്യമായല്ല ജനങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടി വെര്‍ച്വല്‍ ലോകത്തെ ആശ്രയിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് വര്‍ധിപ്പിക്കുകയാണ്.' എന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചു.

രാജ്യത്തെ 10 കോടിയോളം വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെഴുതിയ കത്ത് ബൂത്ത് തല പ്രവര്‍ത്തകര്‍ നേരിട്ട് എത്തിക്കും. കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലായിരിക്കും കത്തിന്റെ വിതരണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സാമൂഹിക മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി കത്ത് എത്തിക്കും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ മണ്ഡലത്തിലും മുഖാവരണം, സാനിറ്റൈസര്‍ എന്നിവ വിതരണം ചെയ്യാനും പാര്‍ട്ടി പ്രവര്‍ത്തകരോട് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് വൈറസ് വ്യാപനം തടയുന്നതിന് കേന്ദ്രം സ്വീകരിച്ച പ്രതിരോധ നടപടികള്‍, കോവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് എന്നിവയെല്ലാം ഭരണനേട്ടമായി ബിജെപി ഉയര്‍ത്തിക്കാണിക്കും.

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തുകാട്ടിയുള്ള വീഡിയോയും പുറത്തിറക്കും. ഈ വീഡിയോ അതത് ഭാഷകളിലേക്ക് തര്‍ജമ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com