ബീഹാറില്‍ നിന്ന് മടങ്ങിയെത്തി; കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നാട്ടുകാര്‍ അംഗീകരിച്ചില്ല; കാര്‍ ക്വാറന്റൈനാക്കി യുവാവ്

ബെര്‍ഹാംപുരില്‍ 14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയ ശേഷമാണ് ഇയാള്‍ വീട്ടിലേത്തിയത്
ബീഹാറില്‍ നിന്ന് മടങ്ങിയെത്തി; കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നാട്ടുകാര്‍ അംഗീകരിച്ചില്ല; കാര്‍ ക്വാറന്റൈനാക്കി യുവാവ്

ഭുവനേശ്വര്‍:  ഔദ്യോഗിക ആവശ്യത്തിനായി ബീഹാറില്‍ പോയി തിരിച്ചെത്തിയ 30 കാരനെ കാറില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇരുത്തി നാട്ടുകാര്‍. ഡോലാബ ഗ്രാമത്തിലെ  മധബ പാത്രയ്്ക്കാണ് ഈ ദുരവസ്ഥ. ബെര്‍ഹാംപുരില്‍ 14 ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയ ശേഷമാണ് ഇയാള്‍ വീട്ടിലേത്തിയത്. എന്നാല്‍ അതിന് ശേഷമാണ് നാട്ടുകാരുടെ നിര്‍ബന്ധിത ക്വാറന്റൈന്‍.

വിഡിയോഗ്രാഫറായ പാത്ര ഔദ്യോഗിക ആവശ്യത്തിനാണ് മേയ 3ന് ബിഹാറിലേക്കു പോയത്. മൂന്നു ദിവസങ്ങള്‍ക്കുശേഷം ഇയാള്‍ നാട്ടില്‍  തിരിച്ചെത്തുകയും ചെയ്തു. വരുന്നതിനു മുന്‍പുതന്നെ സര്‍ക്കാരിനെ വിവരമറിയിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍  മതിയെന്നായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ 14ദിവസം മറ്റൊരിടത്തു താമസിച്ച് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാരില്‍നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി ഡോലാബ ഗ്രാമത്തിലേക്കു തിരിച്ചു. 

വീട്ടിലെത്തിയതിന് പിന്നാലെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. യുവാവ് വീണ്ടും ക്വാറന്റീനില്‍ കഴിയണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ സര്‍ക്കാരില്‍നിന്നു ലഭിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ കാണിച്ചെങ്കിലും അത് അംഗീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പാത്ര പൊലീസ് സ്‌റ്റേഷനിലെത്തി. നാട്ടുകാരുടെ തെറ്റിദ്ധാരണയാണെന്നും പാത്ര വീട്ടില്‍ കഴിഞ്ഞുകൊള്ളാനും പൊലീസ് നിര്‍ദേശിച്ചു.

എന്നാല്‍ പിറ്റേന്ന് പാത്രയുടെ പിതാവ് ഗ്രാമത്തിലെ ചന്തയില്‍ പോയപ്പോള്‍ ഗ്രാമീണര്‍ വീണ്ടും വന്നു ബഹളമുണ്ടാക്കി. വിവരമറിഞ്ഞ് പാത്രയും സ്ഥലത്തെത്തി. തുടര്‍ന്ന് ഡോലാബ സര്‍പ്പഞ്ചും വിഷയത്തില്‍ ഇടപെട്ടു. അദ്ദേഹം പാത്രയോട് കലിംഗി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരും പാത്രയെ പിന്തുണയ്ക്കാന്‍ എത്തിയില്ല. ഇതേത്തുടര്‍ന്ന് ക്വാറന്റൈനില്‍ പോകാന്‍ പാത്ര നിര്‍ബന്ധിതനായി.

എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിയുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിനുള്ളില്‍ കഴിയാന്‍ ഇയാള്‍ വിസമ്മതിച്ചു. രോഗം ഇനിയും പിടിപെടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്. തന്റെ കാറില്‍ കേന്ദ്രത്തിന്റെ മതില്‍ക്കെട്ടിനകത്ത് കഴിഞ്ഞുകൊള്ളാമെന്നാണ് ഇയാള്‍ അറിയിച്ചത്. മേയ് 21 മുതല്‍ ഇയാള്‍ കാറില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

പ്രാദേശിക ഭരണകൂടത്തെ സംഭവങ്ങള്‍ അറിയിച്ചെങ്കിലും അവര്‍ ഇടപെടാന്‍ കൂട്ടാക്കിയില്ല. ശുചിമുറി ഉപയോഗത്തിനുമാത്രമാണ് ഇയാള്‍ ഇപ്പോള്‍ കാറില്‍നിന്ന് ഇറങ്ങുന്നത്. ഊണും ഉറക്കവുമെല്ലാം കാറിനുള്ളില്‍ത്തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com