ഒരു മാസത്തിനിടെ രാജ്യത്ത് ജോലി നഷ്ടമായത് 12 കോടിയോളം പേര്‍ക്ക്

ഒരു മാസത്തിനിടെ രാജ്യത്ത് ജോലി നഷ്ടമായത് 12 കോടിയോളം പേര്‍ക്ക്
ഒരു മാസത്തിനിടെ രാജ്യത്ത് ജോലി നഷ്ടമായത് 12 കോടിയോളം പേര്‍ക്ക്

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ ജോലി നഷ്ടമായത് 12 കോടിയോളം പേര്‍ക്ക്. കോവിഡ് 19 പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് ദിവസ വേതനക്കാരെയും ചെറുകിട വ്യവസായികളേയുമാണ്.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 12.2 കോടി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമായതായാണ് പുറത്തു വരുന്ന കണക്കുകള്‍. ഇന്ത്യന്‍ സമ്പദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) എന്ന സ്വകാര്യ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രില്‍ 27ന് വിവിധ സംസ്ഥാനങ്ങളിലായി 5800 വീടുകളില്‍ സര്‍വേ നടത്തിയാണ് സിഎംഐഇ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലാക ബാങ്ക് നിര്‍ണയിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെ 10.4 കോടി ഇന്ത്യക്കാര്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല പഠനം ചൂണ്ടിക്കാട്ടി ഐപിഇ ഗ്ലോബല്‍ ഡയറക്ടര്‍ അശ്വജിത് സിങ് പറയുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന 68 ശതമാനമായി ഉയരും. ഇത്തരമൊരു സാഹചര്യം രാജ്യം അഭിമുഖീകരിച്ചത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത കാലത്തെ ഒരു ലോകബാങ്ക് റിപ്പോര്‍ട്ടില്‍ രാജ്യം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചതായും ദരിദ്ര രാജ്യമെന്ന പദവിയില്‍ നിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ആ നേട്ടങ്ങള്‍ ലോക്ക്ഡൗണോടെ ഇല്ലാതായിരിക്കുകയാണ്. ലോക ബാങ്കിന്റെയും സിഎംഐഇയുടെയും കണക്കുകള്‍ യഥാക്രമം ഏപ്രില്‍ അവസാനത്തോടെയും മെയ് തുടക്കത്തിലുമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ അതിനുശേഷം സാഹചര്യങ്ങള്‍ കുറേക്കൂടി മോശമാവുകയാണ് ഉണ്ടായത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യന്‍ സാമ്പത്തിക രംഗം മെല്ലെപ്പോക്കിലാണ് മാര്‍ച്ച് 25ന് നിലവില്‍ വന്ന ലോക്ക്ഡൗണ്‍ അതിന്റെ ആഘാതം വര്‍ധിപ്പിച്ചു. അതുകൊണ്ടാണ് രോഗ വ്യാപനം വര്‍ധിക്കുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്.

പ്രതിസന്ധികളെ നേരിടാന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയുമായി നോക്കുമ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് അതിന്റെ ഒരു ഭാഗം മാത്രമേ വരുന്നുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com