മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; 120 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു

മേദക് ജില്ലയില്‍ പുതിയതായി കുഴിച്ച കിണറില്‍ ബുധനാഴ്ച വൈകീട്ടാണ് കുട്ടി വീണത്
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; 120 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു

ഹൈദരാബാദ്: മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം ഇന്ന് പുലര്‍ച്ചെ പുറത്തെടുത്തു.കിണറിന് ഏകദേശം 120 അടി താഴ്ചയുണ്ടായിരുന്നു. മേദക് ജില്ലയില്‍ പുതിയതായി കുഴിച്ച കിണറില്‍ ബുധനാഴ്ച വൈകീട്ടാണ് കുട്ടി വീണത്. 

പൊലീസും ദേശീയ ദുരന്ത പ്രതികരണ സേനയും നാട്ടുകാരും ഒരുമിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കുട്ടിയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 
 
മൂന്ന് വയസുകാരന്‍ സായ് വര്‍ധന്‍ അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ് കുഴല്‍ക്കിണറില്‍ വീണത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടി വീഴുന്നത് കണ്ടയുടനെ ബന്ധുക്കള്‍ സാരി ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.  

ക്യാമറകളുടെ സഹായത്തോടെ കിണറ്റിനുള്ളില്‍ കുട്ടിയുടെ സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയാവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച കുഴിച്ച മൂന്ന് കുഴല്‍ക്കിണറുകളിലൊന്നിലാണ് കുട്ടി വീണത്. എന്നാല്‍ മൂന്ന് കിണറുകളിലും വെള്ളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അനുമതി ഇല്ലാതെയാണ് കിണറുകള്‍ കുഴിച്ചതെന്ന് ജില്ലാ കളക്ടര്‍ ധര്‍മ റെഡ്ഡി അറിയിച്ചു. അനുമതിയില്ലാതെ കിണര്‍ കുഴിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com