അൺലോക്ക്-1: തിയറ്ററുകളും ജിമ്മും അടഞ്ഞുകിടക്കും, നിയന്ത്രണം ഇവയ്ക്കെല്ലാം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2020 07:59 PM  |  

Last Updated: 30th May 2020 07:59 PM  |   A+A-   |  

unlock

 

ന്യൂഡൽഹി: രാജ്യം അഞ്ചാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുമ്പോൾ തിയറ്ററുകളും ജിംനേഷ്യവും അടക്കമുള്ളവ അടഞ്ഞുകിടക്കും. മെട്രോ സർവീസുകളും അഞ്ചാം ഘട്ടത്തിൽ അനുവദിക്കുകയില്ല. അന്താരാഷ്ട്ര വിമാന സർവീസും ഉണ്ടായിരിക്കില്ല. 

അന്താരാഷ്ട്ര വിമാന സർവീസ്, മെട്രോ റെയിൽ, സിനിമാ ഹാളുകൾ, ജിംനേഷിയം, സ്വിമ്മിങ് പൂൾ, എന്റർടെയിൻമെന്റ് പാർക്കുകൾ, തിയറ്റർ, ബാർ, ഓഡിറ്റോറിയം, സാംസ്കാരിക-രാഷ്ട്രീയ-മത പരിപാടികൾ, ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള സമ്മേളനങ്ങൾ എന്നിവ ലോക്ക്ഡൗൺ 5.0യിൽ വിലക്കിയിട്ടുണ്ട്.  

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗൺ 5.0യൂ‌ടെ ഫേസ് 2ൽ തീരുമാനമുണ്ടാകും. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ ഏർപ്പെടുത്തും. ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും അടക്കമുള്ളവ ജൂൺ എട്ട് മുതൽ തുറക്കാം.