മോദി സർക്കാരിന് ഇന്ന് ഒരു വയസ്സ്; ഓൺലൈൻ ആഘോഷങ്ങൾ ; വെർച്വൽ റാലികളും സമ്മേളനങ്ങളും

ഒന്നാം വാർഷികത്തിന്റെ ഭാ​ഗമായി രാജ്യവ്യാപകമായി വെര്‍ച്വല്‍ റാലികളും ആയിരം ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും
മോദി സർക്കാരിന് ഇന്ന് ഒരു വയസ്സ്; ഓൺലൈൻ ആഘോഷങ്ങൾ ; വെർച്വൽ റാലികളും സമ്മേളനങ്ങളും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേത‌ൃത്വത്തിലുള്ള രണ്ടാം ബിജെപി സർക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വാർഷികം ആഘോഷിക്കുന്നത്.  ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന ആഘോഷ പരിപാടികളാണ് ബി.ജെ.പി. ആവിഷ്‌കരിച്ചിരിക്കുന്നത്.  വൈകീട്ട് നാലിന് ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ സാമൂഹിക മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

ഒന്നാം വാർഷികത്തിന്റെ ഭാ​ഗമായി രാജ്യവ്യാപകമായി വെര്‍ച്വല്‍ റാലികളും ആയിരം ഓണ്‍ലൈന്‍ സമ്മേളനങ്ങളും നടക്കും.  വലിയ സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍ രണ്ട് വെര്‍ച്വല്‍ റാലികളും ചെറിയ സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍ ഒരു റാലി വീതവും നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ചീത്രീകരിക്കുന്ന വീഡിയോയും ഇന്ന് പുറത്തിറക്കും. ഇത് സംസ്ഥാനഘടകങ്ങള്‍ പ്രാദേശിക ഭാഷകളില്‍ മൊഴിമാറ്റി ജനങ്ങളിലെത്തിക്കും.

കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കുന്ന പ്രധാനമന്ത്രിയുടെ കൈപ്പടയിലുള്ള കത്ത് പത്തുകോടി കുടുംബങ്ങളില്‍ എത്തിക്കും.
ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ റദ്ദാക്കൽ, രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ് നിരോധനം, പൗരത്വ നിയമ ഭേദഗതി, ആത്മനിര്‍ഭര്‍ പാക്കേജ്, വന്ദേഭാരത് തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും ബിജെപി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

2019 മേയ് 30-നാണ് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയനായ ലോക നേതാവ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കുമെന്ന് ബിജെപി നേതാക്കൾ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com