ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടമായി, കുടുംബത്തെ പോറ്റാന്‍ കഴിയുന്നില്ല; ഗൃഹനാഥന്‍ ട്രെയിനിന് മുന്‍പില്‍ ചാടി

ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി
ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടമായി, കുടുംബത്തെ പോറ്റാന്‍ കഴിയുന്നില്ല; ഗൃഹനാഥന്‍ ട്രെയിനിന് മുന്‍പില്‍ ചാടി

ലക്‌നൗ: ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ടതിനാല്‍ കുടുംബത്തെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സ്വദേശിയായ  ഭാനു പ്രകാശ് ഗുപ്ത (50) ആണ് വെള്ളിയാഴ്ച മരിച്ചത്. റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബത്തിന് ആവശ്യമായ ഭക്ഷണം എത്തിച്ചുനല്‍കാന്‍ കഴിയാത്തതിലുളള മനോവിഷമം കൊണ്ടാണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

ഷാജഹാന്‍പുരിലെ ഒരു ഹോട്ടലിലെ തൊഴിലാളി ആയിരുന്നു ഭാനു പ്രകാശ്. ഭാര്യയും നാലു കുട്ടികളും സുഖമില്ലാത്ത അമ്മയുമടക്കമുള്ള കുടുംബം കഴിഞ്ഞിരുന്നത് ഭാനു പ്രകാശിന്റെ വരുമാനത്തിലായിരുന്നു. ലോക്ക്ഡൗണ്‍ കാരണം ജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്ന് ഇയാളുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

'റേഷന്‍ കട വഴി ലഭിച്ച അരിയും ഗോതമ്പും വീട്ടിലുണ്ട്. അത് നല്‍കിയതില്‍ നന്ദി, എന്നാല്‍ കുടുംബത്തിന് കഴിയാന്‍ അത് മതിയാവില്ല. പഞ്ചസാര, പാല്‍, ഉപ്പ് തുടങ്ങിയ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ എന്റെ പക്കല്‍ പണമില്ല. സുഖമില്ലാത്ത അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. അത് തന്നെ വേദനിപ്പിക്കുന്നു. ജില്ലാ ഭരണകൂടം ഒരു വിധത്തിലുളള സഹായവും നല്‍കുന്നില്ല'-ഭാനു പ്രകാശിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

അതേസമയം, സംഭവത്തിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഭാനു പ്രകാശിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com