അസമില്‍ ഒരാളെ അടിച്ചുകൊന്നു; വീണ്ടും ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം

അസമില്‍ രണ്ട് യുവാക്കള്‍ക്കുനേരെ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
അസമില്‍ ഒരാളെ അടിച്ചുകൊന്നു; വീണ്ടും ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം

ദിസ്പൂര്‍: അസമില്‍ രണ്ട് യുവാക്കള്‍ക്കുനേരെ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ഘട്ട് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. 23 കാരനായ ദേബാശിഷ് ഗോഗോയ് ആണ് മരിച്ചത്. സുഹൃത്ത് ആദിത്യ ദാസിനാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്.

പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളുടെ വാഹനം തേയില ഫാക്ടറിക്ക് സമീപത്തുവച്ച് രണ്ട് സ്ത്രീകളെ ഇടിച്ചതാണ് ആള്‍ക്കൂട്ട ആക്രമണത്തിന് കാരണം. രണ്ട് സ്ത്രീകള്‍ക്കും കാര്യമായ പരിക്കില്ല. എന്നാല്‍ ജനക്കൂട്ടം ഉടന്‍തന്നെ സംഘടിച്ചെത്തി ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെയും മര്‍ദ്ദിച്ചു. 50 ഓളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വിവരമറിഞ്ഞ് ദേബാശിഷ് ഗോഗോയിയുടെ പിതാവും സഹോദരിയും അടക്കമുള്ളവര്‍ സ്ഥലത്തെത്തി അക്രമികളോട് സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ പിന്‍തിരിഞ്ഞില്ല. ഏറെനേരം കഴിഞ്ഞാണ് രണ്ട് യുവാക്കളെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആള്‍ക്കൂട്ടം ബന്ധുക്കളെ അനുവദിച്ചത്. ഈ സമയം പൊലീസ് സ്ഥലത്തെത്തിയാണ് രണ്ട് യുവാക്കളെയും ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്ന് സംശയിച്ച് 2018 ല്‍ രണ്ട് യുവാക്കളെ അസമില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. 2013 ജൂലായിലും അസമില്‍ ആള്‍ക്കൂട്ട കൊലപാതകം നടന്നിരുന്നു. ഓട്ടോെ്രെഡവര്‍മാരാണ് ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com