തെരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിന് നേരെ സവാളയേറ്; ഇഷ്ടിക കഷ്ണങ്ങൾ വലിച്ചെറിഞ്ഞും പ്രതിഷേധം (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd November 2020 05:20 PM  |  

Last Updated: 03rd November 2020 05:20 PM  |   A+A-   |  

 

പട്‌ന: തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ സംസാരിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹർലഖിയിലെ നടന്ന റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിക്ക് നേരെ സവാള എറിഞ്ഞത്. അതിനൊപ്പം ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു.

മദ്യക്കടത്ത് നടക്കുന്നു, പരസ്യമായി വില്പനയും നടക്കുന്നു. അത് തടയുന്നതിൽ നിങ്ങൾ വിജയിച്ചിട്ടില്ലെന്ന് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണം. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നിലേക്കെത്തുകയും പ്രതിരോധം തീർക്കുകയും ചെയ്തു. 

സദസിലിരുന്ന മറ്റു നേതാക്കളും പെട്ടെന്നുണ്ടായ ഏറിൽ പരിഭ്രാന്തരായി. 'എറിയൂ, ഇനിയും എറിയൂ'എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. തുടർന്ന് നിതീഷ് കുമാർ പ്രസംഗം തുടരുകയും ചെയ്തു. ബിഹാറിന് പുറത്തേക്ക് ആരും പോകേണ്ടി വരില്ലെന്ന നിതീഷ് കുമാറിന്റെ ഉറപ്പിനെ കൈയടികളോടെയാണ് അണികൾ സ്വീകരിച്ചത്. 

ബിഹാറിൽ മൂന്നുഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രണ്ടാം ഘട്ട പോളിങ് നടന്നു. മൂന്നാമത്തേയും അവസാനത്തേയും ഘട്ടം ഈ മാസം ഏഴിന് നടക്കും. നവംബർ പത്തിനാണ് ഫലം പ്രഖ്യാപിക്കുന്നത്.