ബിജെപിക്ക് തിരിച്ചടി ; 'വെട്രിവേല്‍ യാത്ര'യ്ക്ക് അനുമതി നിഷേധിച്ച് സര്‍ക്കാര്‍ ; റാലി നടത്തിയാല്‍ വര്‍ഗീയ ലഹളയെന്ന് പ്രതിപക്ഷം

നവംബര്‍ 15 വരെ ഒരു തരത്തിലുള്ള സംഘം ചേരലും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ : നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി തമിഴ്‌നാട് ഘടകം നടത്താന്‍ നിശ്ചയിച്ചിരുന്ന വെട്രിവേല്‍ യാത്രയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായ എഐഎഡിഎംകെ സര്‍ക്കാരിന്റെ നടപടി ബിജെപിക്ക് കനത്ത തിരിച്ചടിയായി. 

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി നല്‍കിയ ഹര്‍ജിയില്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നവംബര്‍ 15 വരെ ഒരു തരത്തിലുള്ള സംഘം ചേരലും സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എ പി സാഹി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നവംബര്‍ 6 മുതല്‍ ഡിസംബര്‍ 6 വരെ ഒരു മാസം നീളുന്ന വെട്രിവേല്‍ യാത്ര നടത്താനാണ് ബിജെപി പദ്ധതിയിട്ടിരുന്നത്. 

തിരുത്തണി മുതല്‍ തിരുച്ചെന്തൂര്‍ വരെയാണ് യാത്ര നടത്താനിരുന്നത്. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു യാത്ര. വെട്രിവേല്‍ യാത്ര തമിഴ്‌നാട്ടിലെ ബിജെപിയുടെ ടേണിംഗ് പോയിന്റ് ആകുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് നരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം ബിജെപിയുടെ വെട്രിവേല്‍ യാത്ര സംസ്ഥാനത്ത് സാമുദായിക സ്പര്‍ധ വളര്‍ത്തുമെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത് ഡിസംബര്‍ ആറിനാണ് യാത്രയുടെ സമാപനം നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. യാത്ര തടഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വര്‍ഗീയ ലഹളയ്ക്ക് സാധ്യതയുണ്ടെന്നും പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. റാലി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് മതേതരത്വത്തിന്റെ വിജയമെന്നാണ് വിടുതലെ ചിരുതൈകള്‍ കച്ചി നേതാവ് രവികുമാര്‍ അഭിപ്രായപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com