'എന്തൊരു അസംബന്ധം, ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?'- യോഗിക്കെതിരെ നിതീഷ്; എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്ത് (വീഡിയോ)

'എന്തൊരു അസംബന്ധം, ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?'- യോഗിക്കെതിരെ നിതീഷ്; എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്ത് (വീഡിയോ)
'എന്തൊരു അസംബന്ധം, ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?'- യോഗിക്കെതിരെ നിതീഷ്; എന്‍ഡിഎയിലെ ഭിന്നത മറ നീക്കി പുറത്ത് (വീഡിയോ)

പട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രണ്ട് ഘട്ടം പൂര്‍ത്തിയാക്കി മൂന്നാം ഘട്ടത്തിന്റെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഭരണപക്ഷമായ എന്‍ഡിഎ മുന്നണിയിലെ ഭിന്നത മറ നീക്കി പുറത്ത്.  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഹാറിലെ ബിജെപിയുടെ താര പ്രചാരകനുമായ യോഗി ആദിത്യനാഥിന്റെ പൗരത്വ നിയമ ഭേദഗതി പരാമര്‍ശത്തെ പൊതുവേദിയില്‍ പരസ്യമായി ചോദ്യം ചെയ്ത് നിതീഷ് കുമാര്‍ രംഗത്തെത്തി. നുഴഞ്ഞു കയറ്റക്കാരെ പുറത്തെറിയുമെന്ന യോഗിയുടെ പ്രസ്താവനയാണ് നിതീഷിനെ ചൊടിപ്പിച്ചത്. 

'ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്. ആരാണ് ആളുകളെ പുറത്താക്കാന്‍ പോകുന്നത്? ഒരാളും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ്. ഇങ്ങനെയൊക്കെ ആരാണ് സംസാരിക്കുന്നത്. ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവര്‍ത്തിക്കാണ് ഞങ്ങളുടെ ശ്രമം. അത് കൊണ്ടേ പുരോഗതിയുണ്ടാകുകയുള്ളൂ. ഇത്തരം വിദ്വേഷ പ്രചാരകര്‍ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. അവര്‍ക്ക് വേറെ ജോലിയൊന്നുമില്ല'- ഒരു റാലിക്കിടെയാണ് നിതീഷ് യോഗിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. 

എല്ലാവരേയും ഒപ്പം ചേര്‍ക്കുക എന്നത് തങ്ങളുടെ കടമയും സംസ്‌കാരവുമാണ്. അപ്പോള്‍ മാത്രമാണ് ബിഹാര്‍ പുരോഗമിക്കുകയുള്ളൂവെന്നും പ്രചാരണത്തിന് പിന്നാലെ നിതീഷ് ട്വിറ്ററിലൂടെയും വ്യക്തമാക്കി. 

കത്തിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് യോഗി സിഎഎയെക്കുറിച്ച് പറഞ്ഞത്. നുഴഞ്ഞുകയറ്റ പ്രശ്നത്തിന് മോദിജി ഒരു പരിഹാരം കണ്ടെത്തി. സിഎഎ ഉപയോഗിച്ച് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ അദ്ദേഹം ഉറപ്പുവരുത്തി. സുരക്ഷ ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരു നുഴഞ്ഞുകയറ്റക്കാരനും രാജ്യത്ത് നിന്ന് പുറത്താക്കപ്പെടും. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പ്രശ്നത്തിലാക്കുന്ന ആരെയും തങ്ങള്‍ സഹിക്കില്ല എന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിനെതിരെയാണ് നിതീഷിന്റെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com