ചൈനയ്ക്ക് 'മുന്നറിയിപ്പുമായി' മലബാര്‍ നാവികാഭ്യാസം; കരുത്തറിയിച്ച് യുദ്ധക്കപ്പലുകള്‍, ഇന്ത്യക്കൊപ്പം അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ( വീഡിയോ)

മൂന്ന് ദിവസമായി നടക്കുന്ന ആദ്യഘട്ടത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത
ചൈനയ്ക്ക് 'മുന്നറിയിപ്പുമായി' മലബാര്‍ നാവികാഭ്യാസം; കരുത്തറിയിച്ച് യുദ്ധക്കപ്പലുകള്‍, ഇന്ത്യക്കൊപ്പം അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ( വീഡിയോ)

ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെയുള്ള യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ ആദ്യഘട്ടം അവസാനദിവസത്തിലേക്ക്. മൂന്ന് ദിവസമായി നടക്കുന്ന ആദ്യഘട്ടത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയും പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപമാണ് നാവികാഭ്യാസം.

കഴിഞ്ഞ ആറുമാസമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, മലബാര്‍ നാവികാഭ്യാസത്തെ ലോകരാജ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യക്ക് പുറമേ ചൈനയുമായി വിവിധ വിഷയങ്ങളില്‍ തര്‍ക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന മറ്റുരാജ്യങ്ങള്‍. അമേരിക്ക, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന നാലാമത്തെ രാജ്യം. പത്തുവര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവികാഭ്യാസമാണിത്. അതിനിടെ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും യുദ്ധക്കപ്പലുകളില്‍ നിന്ന് ഷെല്ലുകള്‍ വര്‍ഷിക്കുന്ന വീഡിയോ പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ ഉപരിതല, അന്തര്‍വാഹിനി, വ്യോമ പ്രതിരോധ മാര്‍ഗങ്ങളാണ് പരീക്ഷിച്ചത്. രണ്ടാം ഘട്ടം നവംബര്‍ 17മുതല്‍ 20 വരെ അറബി കടലിലാണ്.

അമേരിക്കയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യയ്‌ക്കൊപ്പം നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. മലബാര്‍ നാവികാഭ്യാസത്തിന്റെ 24ാം പതിപ്പാണ് നടക്കുന്നത്. ഇന്ത്യന്‍ നാവികസേന (ഐഎന്‍), യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേവി (യുഎസ്എന്‍), ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജെഎംഎസ്ഡിഎഫ്), റോയല്‍ ഓസ്‌ട്രേലിയന്‍ നേവി (ആര്‍എന്‍) എന്നിവരാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.

അമേരിക്കന്‍ കപ്പല്‍ യുഎസ്എസ് ജോണ്‍ എസ് മക്കെയ്ന്‍ (ഗൈഡഡ്മിസൈല്‍ ഡിസ്‌ട്രോയര്‍), ഹെര്‍ മജസ്റ്റിയുടെ ഓസ്‌ട്രേലിയന്‍ ഷിപ്പ് (എച്ച്എംഎഎസ്), ബല്ലാറാത്ത് (ലോംഗ് റേഞ്ച് ഫ്രിഗേറ്റുകള്‍) എന്നിവയുമായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളും ചേര്‍ന്നാണ്  നാവികാഭ്യാസം. ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഷിപ്പ് (ജെഎംഎസ്ഡിഎഫ്) ഓനാമി (ഡിസ്‌ട്രോയര്‍) ഇന്റഗ്രല്‍ എസ്എച്ച് 60 ഹെലികോപ്റ്റര്‍ എന്നിവയും നാവികാഭ്യാസത്തിന്റെ ഭാഗമായി.

ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്കാളിത്തം ഈസ്‌റ്റേണ്‍ ഫ്‌ലീറ്റിന്റെ കമാന്‍ഡിങ് റിയര്‍ അഡ്മിറല്‍ സഞ്ജയ് വത്സയനാണ് നയിക്കുന്നത്. ഡിസ്‌ട്രോയര്‍ രണ്‍വിജയ്, ഫ്രിഗേറ്റ് ശിവാലിക്, ഓഫ് ഷോര്‍ പട്രോള്‍ വെസല്‍ സുകന്യ, ഫ്‌ലീറ്റ് സപ്പോര്‍ട്ട് ഷിപ്പ് ശക്തി, അന്തര്‍വാഹിനി സിന്ധുരാജ് എന്നിവയാണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി പങ്കെടുക്കുന്നത്. കൂടാതെ, അഡ്വാന്‍സ്ഡ് ജെറ്റ് ട്രെയിനര്‍ ഹോക്ക്, ലോങ് റേഞ്ച് മാരിടൈം പട്രോളിംഗ് എയര്‍ക്രാഫ്റ്റ് പി 8 ഐ, ഡോര്‍നിയര്‍ മാരിടൈം പട്രോളിങ് എയര്‍ക്രാഫ്റ്റ്, ഹെലികോപ്റ്ററുകള്‍ എന്നിവയും നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com